കൊറോണ വ്യാജവാര്‍ത്ത: ആറു വാര്‍ത്തകള്‍ സൈബര്‍ ഡോമിന് കൈമാറി
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്‍ - കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്.
തിരുവനന്തപുരം: കൊറോണയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാര്‍ത്തകള്‍ കേരള പോലിസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്‍ - കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് കൊറോണ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക വിഭാഗം ഏപ്രില്‍ ആറിനാണ് രൂപീകരിച്ചത്.
ആദ്യത്തെ ലോക് ഡൗണ്‍ കാലയളവിന് ശേഷം എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ ഉണ്ടാവുമെന്നും മക്കയിലെ സംസം കിണറിലെ വെള്ളത്തിന് കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കും എന്നുമുള്ള വ്യാജ വാര്‍ത്തകള്‍ ആന്റി ഫേക് ന്യൂസ് ഡിവിഷന്‍ - കേരളയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ (fb/antifakenewsdivisionkerala) വ്യാജമാണെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്തതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന്് എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സന്ദേശം നല്‍കിയ വ്യക്തി ക്ഷമാപണം നടത്തി വീഡിയോ റിലീസ് ചെയ്തിരുന്നു.
കോവിഡ്19 മായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍, വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാല്‍, ആന്റ്റി ഫേക് ന്യൂസ് ഡിവിഷന്‍ - കേരളയുടെ 9496003234 എന്ന വാട്സാപ്പ് നമ്പറിലേക്കോ, @afdkerala എന്ന ട്വിറ്റര്‍ അക്കൗണ്ടിലേക്കോ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങള്‍ അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാം. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ചാല്‍ അതില്‍ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാര്‍ത്തകളുടെ വിവരങ്ങള്‍ ലഭിക്കും.
ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മൊഹമ്മദ് അലി മേല്‍നോട്ടം വഹിക്കുന്ന ഡിവിഷനില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കേരള പോലീസ് സൈബര്‍ഡോം, ആരോഗ്യവകുപ്പ്, സംസ്ഥാന ഐ.ടി. മിഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നത്.