കൊറോണ വൈറസ്; ഉത്ഭവം സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് ജോ ബൈഡന്‍
ചൈനയിലെ വുഹാനിലുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച മൃഗങ്ങളില്‍ നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്
വാഷിങ്ടണ്‍ ഡിസി: കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്നാണോ എന്നതു സംബന്ധിച്ച് റിപോര്‍ട്ട് വേണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഇന്റലിജിന്‍സ് ഏജന്‍സികള്‍ക്ക് ബൈഡന്‍ നല്‍കിയ നിര്‍ദേശം.
ലോകമെമ്പാടുമുള്ള 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ ഉദ്ഭവം എവിടെ നിന്ന് ആണെന്ന വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഇത് വരെ ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച മൃഗങ്ങളില്‍ നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്. മഹാമാരിയുടെ പിന്നില്‍ തങ്ങള്‍ അല്ലാ എന്ന നിലപാടിലാണ് ചൈന. എന്നാല്‍ ലാബില്‍നിന്നു പുറത്തുവന്ന വൈറസാണ് ഇതെന്ന് പല ശാസ്ത്രജ്ഞരും ആരോപിക്കുന്നു.