വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍; ആദ്യ ഫലസൂചന പത്തുമണിയോടെ
എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടു മുതല്‍ ആരംഭിക്കും. രാവിലെ എട്ടിന് തപാല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണു പ്രതീക്ഷ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
ഇന്ന് വോട്ടെണ്ണല്‍ ജോലികള്‍ക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരേയും സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാരായി നിയോഗിച്ചിരിക്കുന്നവരേയും കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. രാവിലെ ആറിന് സ്‌ട്രോങ് റൂമുകള്‍ തുറക്കും. വോട്ടെണ്ണലിനായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതതു വരണാധികാരികളാണു സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ടേബിളുകളിലേക്കു മാറ്റും. ബൂത്ത് നമ്പര്‍ ക്രമത്തിലാണു യന്ത്രങ്ങള്‍ ടേബിളുകളില്‍ സജ്ജീകരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്നു ഹാളുകളിലായാണു വോട്ടെണ്ണല്‍ നടക്കുക. ഒരു ഹാളില്‍ ഏഴു ടേബിളുകളുണ്ടാകും. ഇങ്ങനെ മൂന്നു ഹാളുകളിലുമായി 21 ടേബിളിലാണ് ഒരു റൗണ്ട് വോട്ടെണ്ണുന്നത്. 15 16 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
തപാല്‍ വോട്ടുകള്‍ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാല്‍ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിക്കും. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാല്‍ വോട്ടുകള്‍ രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക. ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസര്‍ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിര്‍ണയത്തിന് ഉപയോഗിക്കുക. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്.