കുടിയൊഴിപ്പിക്കല്‍ ചെറുക്കുന്നതിനിടെ തീപ്പിടിച്ച് ദമ്പതികളുടെ മരണം: ദുരന്തത്തിനിടയാക്കിയത് ധൃതിപിടിച്ചുള്ള പൊലീസ് നടപടി
പരാതിക്കാര്‍ക്കു വേണ്ടി ഇടപെട്ട പോലീസ് നിര്‍ധന കുടുംബത്തിന്റെ വാക്കുകള്‍ക്ക് വില കൊടുക്കാതെ ശക്തമായ നടപടികളിലേക്കു നീങ്ങി. ഇതാണ് രാജന്റെയും ഭാര്യ അമ്പിളിയുടെയും ആത്മഹത്യാ ശ്രമത്തിനും മരണത്തിനും ഇടയാക്കിയത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ ചെറുക്കുന്നതിനിടെ തീപ്പിടിച്ച് ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസിന്റെ പക്ഷം ചേര്‍ന്നുള്ള ഇടപെടലിനെതിരെ തെളിവുമായി കുടുംബാംഗങ്ങള്‍. പൊലീസ് രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസം തന്നെ കേരള ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഈ സ്‌റ്റേ ഓര്‍ഡറിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഒഴിപ്പിക്കാന്‍ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഒഴിപ്പിക്കാന്‍ വരുന്ന അതേദിവസം തന്നെ സ്‌റ്റേ ഓര്‍ഡര്‍ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്‌റ്റേ ഓര്‍ഡറിന്റെ പകര്‍പ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിര്‍ത്താനാണ് രാജന്‍ പെട്രോളൊഴിച്ച് പ്രതിഷേധിക്കാന്‍ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. അനുനയിപ്പിക്കുന്നതിനു പകരം രാജന്റെ കയ്യില്‍ നിന്നും ലൈറ്റര്‍ അടിച്ച് തെറിപ്പിക്കുകയാണ് പോലീസ് ചെയ്തത്. ഇതാണ് ദമ്പതികള്‍ ഗുരുതരമായി പൊള്ളലേറ്റ് മരിക്കാനിടയാക്കിയത്.
ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകള്‍ പൊലീസിനെ സ്വാധീനിച്ച് അതിനു മുന്‍പേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാന്‍ നീക്കം നടത്തുകയായിരുന്നു. പരാതിക്കാര്‍ക്കു വേണ്ടി ഇടപെട്ട പോലീസ് നിര്‍ധന കുടുംബത്തിന്റെ വാക്കുകള്‍ക്ക് വില കൊടുക്കാതെ ശക്തമായ നടപടികളിലേക്കു നീങ്ങി. ഇതാണ് രാജന്റെയും ഭാര്യ അമ്പിളിയുടെയും ആത്മഹത്യാ ശ്രമത്തിനും മരണത്തിനും ഇടയാക്കിയത്. വെറും മൂന്നു സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താസിക്കുന്ന രാജനെയും കടുംബത്തെയും ഇറക്കിവിടാന്‍ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ശ്രമിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ രാജനെ പോലീസ് കോളറിനു പിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു എന്ന് മക്കള്‍ ആരോപിച്ചിരുന്നു.