മുത്തങ്ങ സമരം: അന്യായായി തടവിലടക്കപ്പെട്ട അധ്യാപകന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്‍, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്‍, വര്‍ഗീസ്, സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

Update: 2021-01-13 08:10 GMT

കല്‍പറ്റ: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി സബ്‌കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി. അനധികൃത അറസ്റ്റിനും കസ്റ്റഡി പീഡനത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനും ഏഴ് പൊലീസുകാര്‍ക്കും എതിരെ 2004 ല്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ വിധിയായത്. പൊലീസ് മര്‍ദ്ദനത്തില്‍ കര്‍ണപടം പൊട്ടിയ സുരേന്ദ്രന്‍ ഏറെക്കാലം ചികിത്സയ്ക്ക് വിധേയനായിരുന്നു. കേസിനെ തുടര്‍ന്ന് സുരേന്ദ്രനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തില്‍ സുരേന്ദ്രന്‍ പ്രതിയല്ലെന്ന് കണ്ടെത്തി.


ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്‍, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്‍, വര്‍ഗീസ്, സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സര്‍ക്കാര്‍ പണം നല്‍കുകയും തുക ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി അറിയിച്ചു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസികള്‍ക്കു നേരെ ലാത്തിചാര്‍ജും വെടിവെപ്പും നടത്തിയത്. സി.കെ. ജാനു, എം. ഗീതാനന്ദന്‍, അശോകന്‍ എന്നിവരായിരുന്നു സമര നേതാക്കള്‍. പൊലീസ് വെടിവപ്പില്‍ ഒരു ആദിവാസി മരിക്കുകയും ഒരു പൊലീസുകാരന്‍ വെട്ടേറ്റ് മരിക്കുകയും ചെയ്തിരുന്നു. ആദിവാസികള്‍ക്ക് ക്ലാസെടുത്തെന്നും പ്രക്ഷോഭത്തിന് പിന്നിലെ സൂത്രധാരനെന്നും ആരോപിച്ചാണ് സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ബത്തേരി എസ്.ഐ പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ എത്തിയ സംഘം സുരേന്ദ്രനെ ഡയറ്റിലെ സ്റ്റാഫ് റൂമില്‍ നിന്ന് ഫെബ്രുവരി 22ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.




Tags:    

Similar News