മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 1,165 പേര് കൂടി പുതിയതായി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് 200 പേര്
22,510 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 341 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 1,165 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലയില്‍ പത്തു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 22,510 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 341 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 273 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഞ്ച് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ് പേരുമാണ് ചികിത്സയിലുള്ളത്. 20,671 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,498 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ചികിത്സയിലുള്ളത് 200 പേര്
ജില്ലയില്‍ ഇതുവരെ 389 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 200 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഓരോരുത്തരും ഒരു മഹാരാഷ്ട്ര സ്വദേശിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,228 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 737 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര് കൂടി രോഗമുക്തരായി
കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന് കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി ഇന്ന് രോഗമുക്തരായി. ആലങ്കോട് സ്വദേശി 36 വയസുകാരന്, കാലടി പൊല്‍പ്പാക്കര സ്വദേശി 23 വയസുകാരന്, പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 വയസുകാരന്, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, കൊണ്ടോട്ടി സ്വദേശിനിയായ 19 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 വയസുകാരന്, മാറഞ്ചേരി സ്വദേശിനി 43 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.