കൊവിഡ് 19 ഉത്തേജക പാക്കേജ്: മോദിയുടെ 20 ലക്ഷം കോടി കണക്കിലെ കളിയോ? ആണെന്ന് സാമ്പത്തിക വിദഗ്ധര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരേ പോരാടുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ സമ്പദ്ഘടനയിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി കണക്കിലെ കളിയെന്ന് സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. ഇത് ജിഡിപിയുടെ 10 ശതമാനം വരുന്ന തുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതുതായി വിപണയിലെത്തുന്ന ഈ പണം രാജ്യത്തെ സാമ്പത്തിക ധന മേഖലയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ലോകത്ത് ഏതെങ്കിലും ഒരു രാജ്യം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് ഇത്.
എന്നാല്‍ പ്രധാനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച ഫണ്ട് പുതിയതല്ലെന്നും നേരത്തെ പ്രഖ്യാപിച്ച ഫണ്ട് കൂടെ ചേര്‍ത്താണ് 20 ലക്ഷം രൂപയായതെന്നാണ് പുതിയ കണ്ടെത്തല്‍. അതുപ്രകാരം ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ 13.5 ലക്ഷം കോടി രൂപ മാത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.
മാര്‍ച്ചില്‍ ആദ്യ ലോക്ക് ഡൗണ്‍ സമയത്ത് ദരിദ്രരെ ലക്ഷ്യമിട്ട് 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നേരിട്ട് പണമായി കൈമാറുന്നതിനും ഭക്ഷ്യസുരക്ഷാനടപടികള്‍ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ തുക കാര്യമായി വിതരണം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തുകയുംചേര്‍ന്നതാണ് പുതിയ പാക്കേജ്.
പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ പ്രഖ്യാപിച്ച 6.5 ലക്ഷം കോടി രൂപയും പുതിയ പാക്കേജിന്റെ ഭാഗമാണ്. അതിനര്‍ത്ഥം നേരത്തെ പ്രഖ്യാപിച്ചവ കഴിച്ചാല്‍ പുതിയ പാക്കേജില്‍ 13.5 ലക്ഷം കോടി മാത്രമേയുള്ളൂവന്നാണ് മുംബൈ ആസ്ഥാനമായ ഫണ്ട് മാനേജര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമാണ് ഈ പാക്കേജെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തകര്‍ച്ച അനുഭവിക്കുന്ന ഉല്പാദകര്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും പറഞ്ഞു. ഭൂമി, തൊഴില്‍ വിപണിയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങി പുതിയ പാക്കേജില്‍ ഉള്‍പ്പെടുന്നവയുടെ വിശദാംശങ്ങള്‍ അധികം താമസിയാതെ സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയിലും പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കും. കുടില്‍ വ്യവസായം, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കു ഉപകാരപ്പെടും.