സൂര്യപ്രകാശവും ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും കൊവിഡ് വൈറസിനെ പ്രതിരോധിക്കുമെന്ന് വൈറ്റ് ഹൗസ്

Update: 2020-04-24 06:29 GMT

വാഷിങ്ടണ്‍: സൂര്യപ്രകാശവും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള കാലാവസ്ഥയും കൊവിഡ് വൈറസിനെ സാരമായി ബാധിക്കുമെന്ന് വൈറ്റ് ഹൗസ്. ഈ സാഹചര്യങ്ങളില്‍ വൈറസിന്റെ പ്രോട്ടീന്‍ കവചം പാതി നശിക്കുമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. യുഎസ് സുരക്ഷാ വകുപ്പിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റിയ്ക്കു കീഴിലുള്ള ബയോ കണ്ടെയ്ന്‍മെന്റ് ലാബിന്റെ കണ്ടെത്തലാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

കൊറോണ വൈറസും ഉയര്‍ന്ന ഊഷ്മാവും ആര്‍ദ്രതയും തമ്മിലുള്ള ബന്ധത്തെ കുറച്ചുള്ള നിരവധി ഗവേഷണങ്ങള്‍ കുറേയേറെ ആഴ്ചകളായി ശാസ്ത്രലോകത്ത് പ്രചരിക്കുന്നുണ്ട്. ലോകത്ത് ഈയടുത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗവേഷണ പേപ്പറുകളും ഇതുസംബന്ധിച്ചുള്ളതാണ്. എന്നാല്‍ ഇക്കാര്യം അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

''ഏതെങ്കിലും പ്രതലത്തിലായാലും വായുവിലായാലും സൂര്യകിരണം കൊവിഡ് വൈറസിനെ നശിപ്പിക്കും. ഉയര്‍ന്ന താപനിലയിലും ആര്‍ദ്രതയിലും ഇതേ ഫലം തന്നെയാണ് കാണുന്നത്. ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും വൈറസിന് ഗുണകരമല്ല.''- യുഎസ് ഹോംലാന്റ് സെക്യൂരിറ്റിയിലെ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടറ്ററേറ്റ് ചീഫ് ബില്‍ ബ്രയാന്‍ പറഞ്ഞു.

20 ശതമാനം ആര്‍ദ്രതയും 70-75 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവുമുള്ള മുറിയില്‍ വൈറസിന്റെ പകുതി ആയുസ്സ് ഒരു മണിക്കൂറാണെന്ന് ബ്രയാന്‍ പറയുന്നു. 'എന്നാല്‍ നിങ്ങള്‍ പുറത്തുപോകുമ്പോള്‍ അത് ഒന്നര മിനിറ്റായി കുറയുന്നു, അള്‍ട്രാവയലറ്റ് രശ്മികളുമായി കൂട്ടിമുട്ടുമ്പോള്‍ അതില്‍ വലിയ മാറ്റമുണ്ടാവും'- അദ്ദേഹം പറഞ്ഞു.

താപനിലയും ആര്‍ദ്രതയും സംയുക്തമായി ഉപരിതലത്തിലെ വൈറസിന്റെ അര്‍ദ്ധായുസ്സ് ഗണ്യമായി കുറയ്ക്കുമെന്നും അതേ പഠനം പറയുന്നു.

താപം 70-75 ഫാരന്‍ഹീറ്റിലും ആര്‍ദ്രത 20-80 ശതമാനത്തിലും വൈറസിന്റെ അര്‍ധായുസ്സ് 18 ല്‍ നിന്ന് 6 മണിക്കൂറായി കുറയും. ഊഷ്മാവ് ഇനിയും 95 ഫാരന്‍ഹീറ്റിലേക്ക് ഉയര്‍ത്തിയാല്‍ അര്‍ധായുസ്സ് 60 മിനിറ്റാകും.

അമേരിക്കന്‍ തലസ്ഥാനത്തിന് പുറത്തുള്ള മേരിലാന്‍ഡിലെ ഡിഎച്ച്എസിന്റെ അഡ്വാന്‍സ്ഡ് ബയോ കണ്ടെയ്‌മെന്റ് ലാബിലാണ് ഈ പരിശോധന നടത്തിയതെന്ന് ബ്രയാന്‍ പറഞ്ഞു.

കൊവിഡ് പരീക്ഷണം നടത്തിയത് എങ്ങനെയെന്ന് ലളിതമായി ബ്രയാന്‍ വിശദീകരിച്ചത് ഇങ്ങനെ: ''വൈറസ് ആദ്യം 5 ഗാലണ്‍ ബക്കറ്റിലേക്ക് കടത്തിവിടുന്നു, എന്നിട്ട് വിവിധ താപനില, വിവിധ ആര്‍ദ്രത, സൂര്യപ്രകാശം എന്നിങ്ങനെയുളള അവസ്ഥയില്‍ വൈറസിന് എന്തുസംഭവിക്കുന്നുവെന്ന് പരിശോധിക്കുന്നു. അത് നമുക്ക് അളക്കാന്‍ കഴിയും. ഇത്തരത്തിലാണ് എയറോസോള്‍ പരിശോധനകള്‍ നടത്തിയത്.''

അതേസമയം കൊവിഡ് 19 പ്രസരണ ശൃംഖലയില്‍ അജ്ഞാതമായ നിരവധി ലിങ്കുകള്‍ ഇനിയുമുണ്ടെന്നാണ് ബ്രയാന്‍ പറയുന്നത്. എങ്കിലും ഇപ്പോഴുള്ള വിവരങ്ങള്‍ വൈറസ് വ്യാപനസാധ്യത കുറയ്ക്കുന്നതിനുള്ള പ്രായോഗിക തീരുമാനമെടുക്കുന്നതിന് നമ്മെ സഹായിക്കുമെന്ന് ബ്രയാന്‍ വിശദീകരിച്ചു.

യുഎസില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അരലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 8,60,000 ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. 

Tags:    

Similar News