നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 85 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പോസിറ്റീവായി. ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ പരിശോധനാഫലം പുറത്തുവന്നത്.
ആദ്യം 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് പരിശോധന നടത്തി. 496 സാംപിള്‍ പരിശോധിച്ചു. 85 കുട്ടികള്‍ക്ക് പോസിറ്റീവായി.
സ്‌കൂള്‍ ഒരു മൈക്രോ കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കലക്ടര്‍ രൂഹുല്‍ ഷാ ഉത്തരവിട്ടു.
വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ചികില്‍സാ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവാകുന്ന കുട്ടികളെ വീട്ടിലേക്കയക്കും.
ഉത്തരാഖണ്ഡില്‍ ഇന്നലെയും ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതുവരെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകിച്ചത്.