അടിപിടി കേസിലെ രണ്ടാമനും കൊവിഡ്; കല്‍പകഞ്ചേരിയില്‍ 5 വാര്‍ഡുകള്‍ ഹോട്ട്സ്‌പോട്ടാക്കി
കടുങ്ങാത്തുകുണ്ട് മാമ്പ്ര സ്വദേശിയായ 36കാരനാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
പുത്തനത്താണി: കല്‍പകഞ്ചേരി പോലിസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അടിപിടി കേസിലെ രണ്ടാമനും കൊവിഡ് 19 സ്ഥിരീകരിച്ചു. കടുങ്ങാത്തുകുണ്ട് മാമ്പ്ര സ്വദേശിയായ 36കാരനാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഈ കേസില്‍ ആദ്യം തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിക്കാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച മാമ്പ്ര സ്വദേശിയും തമ്മില്‍ അടിപിടി നടന്നിരുന്നു. സംഭവത്തില്‍ ഇരുവരും പോലിസ് സ്റ്റേഷനിലെത്തിയതോടെ കല്‍പകഞ്ചേരി എസ്‌ഐ എസ് കെ പ്രിയന്‍ ഉള്‍പ്പെടെ ആറു പോലിസുകാര്‍ ക്വാറന്റൈനിലാണ്. ഇന്നലെ വന്ന ഇവരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംഭവത്തിന് ശേഷം
തമിഴ്‌നാട് സ്വദേശി നാട്ടിലേക്ക് പോവുകയും അവിടെ പരിശോധനക്ക് വിധേയമാവുകയും ചെയ്തപ്പോഴാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം കണ്ടെത്തിയ 36കാരന്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണറിയുന്നത്.
കേസിലെ രണ്ടാമനും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 5 വാര്‍ഡുകള്‍ ഹോട്ട്സ്‌പോട്ടാക്കി. പഞ്ചായത്തിലെ 7,10,11,12,13 വാര്‍ഡുകളിലാണ് ഇന്ന് മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കടുങ്ങാത്ത്കുണ്ട് , മാമ്പ്ര, കല്‍പകഞ്ചേരി, കല്ലിങ്ങല്‍ ടൗണുകളില്‍ ഇന്ന് മുതല്‍ കടകള്‍ തുറക്കില്ല.