സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കൊവിഡ്; ഒമിക്രോണ്‍ ആണോയെന്ന് സംശയം

Update: 2021-11-30 01:57 GMT

ബെംഗളൂരു: സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഡല്‍റ്റ വകഭേദമല്ലെന്നും എന്നാല്‍ ഒമിക്രോണിനോട് സമാനമാണ് ലക്ഷണങ്ങളെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്ക് വേണ്ടി സാംപിള്‍ ലാബിലേക്കയച്ചു.

ഈ മാസം ആദ്യം സമാനമായ രീതിയില്‍ സൗത്ത് അഫ്രിക്കയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ ഒരാള്‍ക്ക് ഡെല്‍റ്റയുടെ ലക്ഷണങ്ങളാണ്.

ഒമിക്രോണ്‍ രോഗസാധ്യത സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ഐസിഎംആറുമായി ബന്ധപ്പെട്ടിട്ടുണ്ട്.

'കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച സാംപിളുകളിലൊന്ന് ഒമിക്രോണ്‍ ആണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് ഔദ്യോഗികമായി പറയാന്‍ കഴിയില്ല. ഞാന്‍ ഐസിഎംആറുമായും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ട്'-മന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി കേന്ദ്രത്തിന് കത്തെഴുതി. നാളെ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സൗത്ത് ആഫ്രിക്കയിലെ ചിലരുമായി സംസാരിച്ചതില്‍ നിന്ന് ഒമിക്രോണ്‍ വേഗത്തില്‍ പകരുമെങ്കിലും അപകടകരമല്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിവാസവും കുറവാണ്.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 

Tags:    

Similar News