കൊവിഡ്: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6 ശതമാനം ഇടിയുമെന്ന് മുന്നറിയിപ്പ് നല്‍കി അഭിജിത്ത് ബാനര്‍ജി

Update: 2021-08-05 15:43 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6 ശതമാനം ഇടിയുമെന്ന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ മമതാ ബാനര്‍ജി രൂപം കൊടുത്ത ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മേധാവിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ അഭിജിത് ബാനര്‍ജി.

കൊവിഡ് സാഹചര്യത്തില്‍ 2022 മാര്‍ച്ച് 31ലെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാല്‍ അത് 6 മുതല്‍ 7 വരെ ശതമാനം വരെ കുറയുമെന്നാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്കത് രേഖാമൂലം നല്‍കാനാവില്ല. എന്നാല്‍ ഒരു തരംഗം കൂടി സംഭവിക്കുകയാണെങ്കില്‍ ഇത് സംഭവിച്ചേക്കും- അഭിജിത് ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്ത സെക്രട്ടറിയേറ്റില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡിന്റെ യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് കൂടുതല്‍ ചെലവഴിക്കേണ്ട സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുകയാണെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി. 

കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ ഒരു ധനപ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. മറ്റെല്ലാ മേഖലയില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമായ വഴിയിലൂടെ പണം കണ്ടെത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കേണ്ട സമയമാണ് ഇത്. യുഎസ്സും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കറന്‍സി അധികമായി അടിച്ച് ചെലവ് വര്‍ധിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍, പ്രത്യേകിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒഴിവാക്കാത്ത സാഹചര്യത്തില്‍ ചെയ്യാവുന്ന ഏക കാര്യം ഇതാണ്- അഭിജിത് ബാനര്‍ജി പറഞ്ഞു.

മുന്‍ ലോകാരോഗ്യസംഘടന റീജിനല്‍ ഡയറക്ടര്‍ സ്വരൂപ് സര്‍ക്കാര്‍, യുഎസ്സ് ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ മുന്‍ മേധാവി ടോം ഫ്രൈഡന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിഷ്ണു ദാസ്, മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ജെവിആര്‍ പ്രസാദ് റാവു എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.

2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അഭിജിത് ബാനര്‍ജിക്കായിരുന്നു. എസ്തര്‍ ഡുഫ്‌ലൊ, മൈക്കള്‍ ക്രെമെര്‍ എന്നിവരുമായി അദ്ദേഹം പുരസ്‌കാരം പങ്കുവച്ചു. 

Tags:    

Similar News