രാജ്യത്ത് കേരളമടക്കം 5 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

Update: 2021-12-04 13:00 GMT

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകളുടെ എണ്ണത്തിനു പുറമെ കൊവിഡ് മരണങ്ങളും വര്‍ധിക്കുന്നുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളം, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകളില്‍ മുന്നിലുള്ളത്. ജമ്മു കശ്മീരാണ് രോഗം വര്‍ധിക്കുന്ന മറ്റൊരു പ്രദേശം. ജമ്മുവില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയുമുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രി രാജേഷ് ഭൂഷന്‍ ഒപ്പുവച്ച് അയച്ച കത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വിദേശത്തുനിന്നു തിരിച്ചെത്തിയവരെ പ്രത്യേകിച്ച് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കുക, ഹോട്ട്‌സ്‌പോട്ടുകള്‍ നിരീക്ഷണവിധേയമാക്കുക, സാംപിളുകള്‍ ജിനോം സീക്വന്‍സിങ്ങിന് അയക്കുക -തുടങ്ങിയവയാണ് കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 2 വരെ ജമ്മു കശ്മീരില്‍ 727 ശതമാനം കൊവിഡ് കേസുകള്‍ വര്‍ധിച്ചു. കര്‍ണാടകയിലെ തുംകൂറില്‍ 152 ശതമാനം വര്‍ധനയുണ്ടായി. തമിഴ്‌നാട്ടിലും മൂന്ന് ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. മിസോറാമിലെ നാല് ജില്ലകളാണ് മറ്റൊരു ഹോട്ട്‌സ്‌പോട്ട്.

കേരളത്തിലെ കൊവിഡ് മരണനിരക്ക് പ്രത്യേകം പരിശോധിക്കാനാണ് മറ്റൊരു നിര്‍ദേശം.

നവംബര്‍ 19-25 കാലത്ത് തൃശൂരില്‍ കൊവിഡ് മരണം 12ല്‍ നിന്ന് 128ആയി വര്‍ധിച്ചു. മലപ്പുറത്ത് ഇതേ കാലയളവില്‍ മരണം 70ല്‍ നിന്ന് 109ആയി വര്‍ധിച്ചു. 

Tags:    

Similar News