കൊവിഡ്: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.

Update: 2020-05-29 17:05 GMT

തിരുവനന്തപുരം: കേരളത്തില്‍ 2019 ജനുവരി ഒന്നുമുതല്‍ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് മരണസംഖ്യയില്‍ തന്നെ 20,562 കുറഞ്ഞു എന്നാണ്. ഈ ജനുവരി അവസാനമാണ് കൊവിഡ് ബാധ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതായിരിക്കില്ല അവസ്ഥയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് തന്നെ ഇത് ശാസ്ത്രീയമായി വിശകലനം ചെയ്തു. ഇതനുസരിച്ച് 2018ലേതില്‍നിന്ന് ജനുവരി-മെയ് കാലയളവിലെ പനിബാധിതരുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയവയുമായി എത്തിയ രോഗികളുടെ എണ്ണത്തിലും കുറവാണുണ്ടായത്.

മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൊവിഡ് വ്യാപന കാലത്ത് കൂടുതല്‍ പ്രാധാന്യം വന്നിട്ടുണ്ട്. പനി പ്രധാന രോഗലക്ഷണങ്ങളായിട്ടുള്ള ഡെങ്കി, എലിപ്പനി, എച്ച് 1 എന്‍ വണ്‍ മൂന്ന് പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്.

ഡെങ്കിപനി ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് കൊതുക് വളരുന്നത്. വീട്ടിലും ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനായി ഡ്രൈ ഡേ ഇടക്കിടെ ആചരിക്കേണ്ടതാണ്. ശുചീകരണദിനമായി ആചരിക്കുന്ന ഞായറാഴ്ച ഇക്കാര്യത്തില്‍ പൂര്‍ണ ശ്രദ്ധയുണ്ടാകണം. ടെറസ്, പൂച്ചട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായിടാറുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യേണ്ടതാണ്. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തി വെക്കണം.

വൈകുന്നരം മുതല്‍ രാവിലെ വരെ വാതിലും ജനാലകളും അടച്ചിടുകയും വീട്ടില്‍ കഴിയുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പറ്റുമെങ്കില്‍ കൊതുകുവല ഉപയോഗിക്കയും വേണം. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണവകുപ്പും നടത്തിവരുന്ന ഫോഗിങ് പ്രത്യേകിച്ച് രോഗം കണ്ടെത്തിയവരുടെ വീട്ടില്‍ നടത്തിയിരിക്കേണ്ടതാണ്.

എലിപ്പനി എന്നാണ് വിളിക്കാറുള്ളതെങ്കിലും ലെപ്‌റ്റോ സ്‌പൈറോസിസ് എന്ന ആ രോഗം കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടെയും മറ്റും മൂത്രത്തിലൂടെയും വ്യാപിക്കും. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകളും പന്നി ഫാമുങ്ങളും വൃത്തിയായി സൂക്ഷിക്കണം. അവരെ പരിപാലിക്കുമ്പോള്‍ ഗണ്‍ ബൂട്ടുകളും കൈയുറകളും ധരിക്കണം. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാല്‍ ഉടനെ വയലില്‍ മേയാന്‍ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടതുണ്ട്.

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം പ്രത്യേകമായി ശ്രദ്ധിക്കണം. പനി പ്രധാന ലക്ഷണമായുള്ള രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് കൂടി ഉള്‍പ്പെടുത്തും. അതിനനുസരിച്ച് ഫീവര്‍ പ്രോട്ടോക്കോള്‍ പുതുക്കും. പനിയുമായി ആശുപത്രിയിലെത്തുന്നവരെ പ്രത്യേകമായി ഇരുത്തുകയും ആശുപത്രി പ്രവേശന കവാടത്തില്‍ വെച്ചുതന്നെ വേര്‍തിരിക്കുകയും ചെയ്യും.

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ കണ്ണുവെട്ടിച്ച് കറങ്ങുന്നതായും ചില വാര്‍ത്തകള്‍ വന്നു. ഇതു രണ്ടും തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. റേഷന്‍ വാങ്ങുമ്പോള്‍ ഇ-പോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കിയിട്ടുണ്ട് 

Tags:    

Similar News