കണ്ണൂര്‍ (പരിയാരം): കൊവിഡ് ന്യുമോണിയ ബാധിതനായി കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്ന സിപിഎം നേതാവ് എം വി ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.
പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും നേരിയ മാറ്റം വ്യക്തമായിട്ടുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍, സിപാപ്പ് വെന്റിലേറ്റര്‍ സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് ക്രമീകരിച്ചത് ക്രമേണ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കൊണ്ട് സാധിച്ചേക്കും. അടുത്തദിവസം തന്നെ കൊവിഡ് പരിശോധന യ്ക്ക് വീണ്ടും വിധേയമാക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊവിഡ് ന്യുമോണിയ മാറിയിട്ടില്ല എന്നതിനാല്‍ ഗുരുതരാവസ്ഥ തുടരുകയാണെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.
പ്രിന്‍സിപ്പാള്‍ ഡോ കെ.എം കുര്യാക്കോസ് ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ അംഗങ്ങളുമായ മെഡിക്കല്‍ ബോര്‍ഡാണ് എം വി ജയരാജന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ. അനില്‍ സത്യദാസ്, ഡോ സന്തോഷ് കുമാര്‍ എസ്.എസ് എന്നിവര്‍, പരിയാരത്തെ മെഡിക്കല്‍ സംഘത്തിനൊപ്പം ഇന്നും ജയരാജനെ പരിശോധിക്കുകയുണ്ടായി. അവര്‍ക്കൂടി പങ്കെടുത്താണ് ഇന്നത്തെ മെഡിക്കല്‍ ബോര്‍ഡ് യോഗവും നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍, എം.എല്‍.എമാരായ എന്‍.എന്‍ ഷംസീര്‍, ടി വി രാജേഷ്, മുന്‍ എം എല്‍ എ പി ജയരാജന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് തുടങ്ങിയവര്‍ നേരിട്ടും ഫോണിലൂടേയും മെഡിക്കല്‍ സംഘവുമായി ജയരാജന്റെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തു.
തിരുവനന്തപുരത്തുനിന്നെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ വൈകീട്ടും പരിശോധന നടത്തി, വെള്ളിയാഴ്ച രാവിലെ മടങ്ങുമെന്നും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും കണ്‍വീനറും അറിയിച്ചു.