ട്രെയിനിലെ തീവയ്പ്: റെയില്‍വെ നഷ്ടപരിഹാരം നല്‍കണം; എം വി ജയരാജന്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

Update: 2023-04-06 17:26 GMT

കണ്ണൂര്‍: എലത്തൂരില്‍ ട്രെയിനില്‍ തീവയ്പുണ്ടായതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അടയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് മട്ടന്നൂരിലെ രണ്ടുപേരും കോഴിക്കോട്ടെ പിഞ്ചുകുട്ടിയുമാണ് മരിച്ചത്. നിരവധി പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പലരും ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. ആശുപത്രി വിട്ടവരുടെയും ആരോഗ്യസ്ഥിതി പുര്‍വാവസ്ഥയിലായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അടിയന്തരമായും നഷ്ടപരിഹാരം അനുവദിക്കണം. യാത്രക്കാരുടെ ജീവന് സുരക്ഷിതത്വമൊരുക്കേണ്ട ബാധ്യത റെയില്‍വേയ്ക്കുണ്ട്. അരലക്ഷം കോടി രൂപ യാത്രക്കാരില്‍നിന്നും സമാഹരിക്കുന്ന റെയില്‍വേ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയും നല്‍കുന്നില്ല. കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചും സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയുമാണ് റെയില്‍വേ ശുഭയാത്രയൊരുക്കേണ്ടത്. പരിക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ ലഭ്യമാക്കാനും റെയില്‍വേ തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News