കൊവിഡ് രോഗവ്യാപനം കുറയുമ്പോഴും മരണം ഉയരുന്നു; ഇന്ന് മരിച്ചത് 176 പേര്‍
ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും മരണം വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ മരണം 7170 ആയി. ഇന്നു മാത്രം 176 പേരാണ് മരിച്ചത്. അപകട കാരിയായ ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും.പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. അവിടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിലവിലുളള നിയന്ത്രണങ്ങള്‍ ഫലവത്തായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുളള എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് കാംപ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ട്. വാക്‌സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്‌സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍, ഇവരും രോഗ വാഹകരാകാം. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.