ഇന്ത്യയില്‍ കൊവിഡ് രോഗബാധ കുറയുന്നു?; 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 55,324 പേരെ മാത്രം
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചത് 55,342 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71.75 ആയി. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 55,000ത്തില്‍ നില്‍ക്കുന്നത്. സപ്തംബറിലെ വര്‍ധനയ്ക്കു ശേഷം 70,000ത്തിനു താഴെ പ്രതിദിന കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവുമാണ് ഇത്.
90,000 പ്രതിദിന കൊവിഡ് ബാധയാണ് ഇപ്പോള്‍ ശരാശരി 72,000ആയി കുറഞ്ഞിരിക്കുന്നത്. ഇത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയായി എടുക്കാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. അതേസമയം ഇത് തിടുക്കപ്പെട്ട നിഗമനമായിരിക്കുമോ എന്നും വിദഗ്ധര്‍ സംശയിക്കുന്നു.
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 706 മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1,09,856 ആയി. കൊവിഡ് മരണനിരക്ക് ഇന്ത്യയില്‍ 1.5 ശതമാനമാണ്. ശരാശരി 900 മരണങ്ങളാണ് പ്രതിദിനം ഇന്ത്യയില്‍ സംഭവിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,760 പേര്‍ രോഗമുക്തരായപ്പോള്‍, സജീവമായ കൊവിഡ് കേസുകള്‍ 8.38 ലക്ഷമായി കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സജീവ കൊവിഡ് കേസുകള്‍ 9 ലക്ഷത്തില്‍ താഴെയായി തുടരുന്നത്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 86.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
10.7 ലക്ഷം പേരെ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ പ്രതിദിന കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 5.2 ശതമാനമാണ്.