കൊവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ലബോറട്ടറി ഉടമ അറസ്റ്റില്‍

Update: 2021-06-03 17:05 GMT

വളാഞ്ചേരി: കൊവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ വളാഞ്ചേരിയിലെ അര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ലാബ് ഉടമ സുനില്‍ സാദത്ത് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒന്നാം പ്രതിയായ സുനില്‍ സാദത്തിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി രണ്ട് ആള്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായപ്പോള്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ് വളാഞ്ചേരി കൊളമംഗലത്തെ ലാബിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. വളാഞ്ചേരി എസ്എച്ച്ഒ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

    2020ലാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് പരിശോധന നടത്തി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കി ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് ആസ്ഥാനമായുള്ള ഐസിഎംആര്‍ അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അര്‍മ ലബോറട്ടറി ആഗസ്ത് 16 മുതല്‍ കൊവിഡ് പരിശോധനക്കായി 2500 പേരില്‍ നിന്ന് സാംപിള്‍ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ 496 സാംപിളുകള്‍ മാത്രമാണ് കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നത്. ബാക്കി സാംപിളുകള്‍ അര്‍മ ലാബില്‍ തന്നെ നശിപ്പിച്ച് കോഴിക്കോട് ലാബിന്റെ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമായി നിര്‍മിച്ച് നല്‍കിയെന്നാണ് പരാതി.

    പരിശോധന പോലും നടത്താതെ ടെസ്റ്റിന് 2750 രൂപ വീതം രണ്ടായിരത്തോളം പേരില്‍ നിന്ന് തട്ടിയെടുത്തതായും ആരോപണമുയര്‍ന്നിരുന്നു. കേസില്‍ വളാഞ്ചേരി പോലിസ് നേരത്തേ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് ഉടമ സുനില്‍ സാദത്തിന്റെ മകനും ലാബ് നടത്തിപ്പുകാരനുമായ ചെര്‍പ്പുളശ്ശേരി തൂത സ്വദേശി സജിത്ത് എസ് സാദത്ത്, മറ്റൊരു പ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരന്‍ അബ്ദുന്നാസിര്‍ എന്നിവരെയും പിടികൂടിയിരുന്നു.

Covid Fake Negative Certificate: Laboratory owner arrested

Tags:    

Similar News