കൊവിഡ് ഭീതി; ചൈനയില്‍ ലക്ഷങ്ങളെ ലോഹക്കൂടുകളില്‍ അടയ്ക്കുന്നു; കുടുംബങ്ങള്‍ പലായനം ചെയ്യുന്നതായി റിപോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ പേരില്‍ ചൈനയില്‍ അരങ്ങേറുന്നത് കടുത്ത ക്രൂരതയെന്ന് റിപോര്‍ട്ട്. അട്ടിയട്ടിവച്ച വലിയ ലോഹക്കൂടുകളിലാണ് കൊവിഡ് രോഗസാധ്യതയുള്ളവരെ അടച്ചുപൂട്ടുന്നത്. ഇത്തരം കൂടുകളുടെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സീറൊ കൊവിഡ് നയത്തിന്റെ ഭാഗമാണ് രോഗസാധ്യതയുള്ളവരെ ഒറ്റമുറി ലോഹക്കൂടുകളില്‍ അടച്ചുപൂട്ടുന്നത്.
അതേസമയം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ വീടുകളിലും മറ്റും ക്വാറന്റീനിലടക്കപ്പെടുമെന്ന ഭീതിയില്‍ കുടുംബങ്ങള്‍ നാടുവിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
നിലവില്‍ ദശലക്ഷക്കണക്കിന് പേരാണ് വിവിധ കൊവിഡ് ക്വാറന്റീന്‍ ലോഹക്കൂടുകളില്‍ കഴിയുന്നത്.
ബീജിങ്ങിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത മാസം ശീതകാല ഒളിംപിക്‌സിനു വേദിയാവുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പൗരന്മാരെ വലിയ മൈതാനങ്ങളിലും മറ്റും അട്ടിയിട്ടിരിക്കുന്ന കൂടുകളില്‍ അടയ്ക്കുന്നത്. ഓരോ കൂട്ടിലും ഒരു മരക്കട്ടിലും മലമൂത്രവിസര്‍ജ്ജനത്തിനുള്ള സൗകര്യവുമുണ്ട്.
കുട്ടികളും സ്ത്രീകളും വയസ്സായവരും തനിച്ച് ഇത്തരം കൂടുകളില്‍ രണ്ടാഴ്ചയോളം കഴിയേണ്ടിവരുന്നുണ്ട്. ഏതെങ്കിലും പ്രദേശത്ത് ഒരാള്‍ക്ക് രോഗം കണ്ടാല്‍ തൊട്ടടുത്ത മുഴുവന്‍ പേരെയും അടച്ചിടുകയാണ് ചെയ്യുന്നത്. തീരുമാനം പലപ്പോഴും പാതിരാത്രികളിലാണ് നടപ്പാക്കുന്നത്. വസ്ത്രവും മറ്റും എടുക്കാന്‍ പോലും പലരെയും അനുവദിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് ആപ്പ് ഓരോരുത്തരുമായി സമ്പര്‍ക്കത്തിലാവുന്നവരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലാണ്. അതുകൊണ്ടുതന്നെ ലക്ഷങ്ങളാണ് ക്വാറന്റീനിലേക്ക് അയക്കപ്പെടുന്നത്. വീടുകളില്‍ ക്വാറന്റീനിലാവുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും അനുമതിയില്ല. കഴിഞ്ഞ ആഴ്ച ചികില്‍സ ലഭിക്കാതെ ഒരു സ്ത്രീക്ക് ഗര്‍ഭച്ഛിദ്രമുണ്ടായി.
ചൈനയിലാകമാനം 20 ദശലക്ഷം പേരാണ് ഇത്തരത്തില്‍ ക്വാറന്റീന്‍ ദുരിതത്തില്‍ കഴിയുന്നത്. ക്വാറന്റീനിലാവുന്നവര്‍ക്ക് ഭക്ഷണവും വേണ്ടവിധം ലഭിക്കുന്നില്ല. ലോകത്തിലെ ഏറ്റവും ക്രൂരമായ കൊവിഡ് നിയന്ത്രണമുളള രാജ്യമാണ് ചൈന.
കൊവിഡ് ലോക്ക്ഡൗണ്‍ സാധ്യത മുന്നില്‍ക്കണ്ട് ജനങ്ങള്‍ വീടുവിട്ടോടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.