ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,177 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 217 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,03,23,965 ആയി. ഇതുവരെ രാജ്യത്ത് 1,49,435 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇന്നലെ മാത്രം 99,27,310 പേര്‍ രോഗമുക്തരായി. വിവിധ സംസ്ഥാനങ്ങളിലായി 2,47,220 സജീവരോഗികളാണ് ഉള്ളത്. രോഗമുക്തി നിരക്ക് നിലവില്‍ 93.16 ശതമാനമാണ്. കൊവിഡ് മരണനിരക്ക് 1.45 ശതമാനവും വരും.
മഹാരാഷ്ട്രയെയാണ് കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ചത്. 70 ശതമാനം വരുന്ന പ്രതിദിന രോഗബാധയും കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി 10 സംസ്ഥാനങ്ങളില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തത്. അതില്‍ തന്നെ 62 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ്, യുകെ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ലക്ഷത്തിന് കൊവിഡ് ബാധിതരാവുന്നവരുടെ എണ്ണം ഏറ്റവും കുറവ് ഇന്ത്യയിലാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തിന് 101 പേര്‍ക്കാണ് കൊവിഡ് ബാധയുള്ളത്.