ന്യൂഡല്‍ഹി: രാജ്യത്ത് 38,634 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 31895358 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 317 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ മരണങ്ങള്‍ 427371 ആയി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട പ്രതിദിന വാര്‍ത്താ ബുള്ളറ്റിനനുസരിച്ച് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 412153 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തിനിരക്ക് 1.30 ശതമാനമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവരോഗികളുടെ എണ്ണത്തില്‍ 2006 പേരുടെ കുറവുണ്ട്.
ഇതുവരെ 31055861 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.34 ശതമാനം രേഖപ്പെടുത്തി.
ഇതുവരെ രാജ്യത്ത് 495.3 ദശലക്ഷം വാക്‌സിനാണ് വിതരണം ചെയ്തത്.
23 ദശലക്ഷം ഡോസുകള്‍ വിവിധ ആശുപത്രികളിലും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ അവശേഷിക്കുന്നുണ്ട്.
കൂടുതല്‍ വാക്‌സിന്‍ വിതരണം നടക്കുന്നതോടെ കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കി മാറ്റാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനുവേണ്ടി പ്രതിദിന കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദനം അമ്പത് ലക്ഷമായി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. ഇപ്പോഴത് 40 ദശലക്ഷമാണ്. നേരത്തെ 2.5 ദശലക്ഷമായിരുന്നു.