മുംബൈ-ഗോവ ആഡംബരക്കപ്പലില്‍ 66 പേര്‍ക്ക് കൊവിഡ്; കപ്പല്‍ മുംബൈയിലേക്ക് തിരിച്ചു
പനാജി: മുംബൈ - ഗോവ ആഡംബരക്കപ്പലില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 66 ആയി. കപ്പലില്‍ 2000ത്തോളം പേരാണ് ഉള്ളത്. കപ്പല്‍ ഇന്ന് രാവിലെ ഗോവ തുറമുഖത്തുനിന്ന് മുംബൈയിലേക്ക് തിരിച്ചു. ചില യാത്രികള്‍ ഗോവയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവാത്തതുകൊണ്ടാണ് മുംബൈയിലേക്ക് തിരികെപ്പോകാന്‍ നിര്‍ദേശം നല്‍കിയത്.
രോഗബാധിതരായ ഏതാനും യാത്രികര്‍ ഇപ്പോഴും കപ്പലില്‍ത്തന്നെയുണ്ട്. കപ്പലിലെ എല്ലാവരുടെയും സാംപിളുകള്‍ പരിശോധിച്ചിരുന്നു. കപ്പല്‍ ജീവനക്കാരില്‍ ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനിച്ചത്.
പുതുവല്‍സപാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് കപ്പല്‍ ഗോയിലേക്ക് തിരിച്ചത്.
27 കൊവിഡ് പോസിറ്റീവ് യാത്രികര്‍ കപ്പല്‍ വിടാന്‍ തയ്യാറായില്ലെന്ന് കപ്പലിന്റെ ഉടമകളായ ജെ എം ബക്‌സി കോര്‍പറേഷന്‍ മാനേജര്‍ പെര്‍നുല്‍കര്‍ പറഞ്ഞു. ചിലര്‍ ഗോവയിലെ കൊവിഡ് സെന്ററിലേക്ക് മാറാന്‍ തയ്യാറായി. അവരെ ആരോഗ്യനിരീക്ഷണത്തിലാക്കി.
നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചുവിടാന്‍ ജില്ലാ അധികാരികള്‍ നിര്‍ദേശിച്ചത്.
കൊര്‍ഡേലിയ കപ്പല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കപ്പല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
കപ്പലിലെ 1471 യാത്രക്കാരും 595 ജീവനക്കാരുമാണ് ഉള്ളത്.