ന്യൂസിലന്റില്‍ അഞ്ച് പേര്‍ക്ക് കൊവിഡ്

Update: 2021-08-18 12:57 GMT

വെല്ലിങ്ടണ്‍: സാമൂഹികപ്രസരണത്തിലൂടെ ഒരാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ന്യൂസിലന്റില്‍ അഞ്ച് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ രോഗം ബാധിച്ചവര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണെന്നും നിയന്ത്രണ വിധേയമായ പരിതസ്ഥിതികളില്‍ രോഗബാധിതരെ പാര്‍പ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഗുരുതരമായ രീതിയില്‍ സാമൂഹിക പ്രസരണം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ആറ് മാസത്തിനുശേഷം ആദ്യമായി സാമൂഹിക പ്രസരണത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്ത് മൂന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അദ്ദേഹം ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാന്‍ഡിലാണ് താമസിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് ഒഴിവു സമയം ചെലവഴിച്ച മൂന്ന് നഗരങ്ങളില്‍ ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.

കഴിഞ്ഞ ദിവസം കണ്ടെത്തിയ കൊവിഡ് രോഗം ഡെല്‍റ്റാ വകഭേദമായിരുന്നെന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച രാജ്യം ന്യൂസിലന്റാണ്.

ന്യൂസിലന്റില്‍ ഇപ്പോള്‍ 32 കൊവിഡ് സജീവ രോഗികളാണ് ഉള്ളത്. ആകെ രോഗികള്‍ 2530. ഏഴ് ദിവസത്തെ പുതിയ കേസുകളുടെ ശരാശരി എണ്ണം ഇപ്പോള്‍ രണ്ടാണ്.

ഇതുവരെ രാജ്യത്ത് 2.18 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 1.37 ദശലക്ഷം ആദ്യ ഡോസും 816000 രണ്ടാമത്തെ ഡോസുമാണ്.

Tags:    

Similar News