ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തി ലോകത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 29 ആയി. ആദ്യ രോഗബാധ റിപോര്‍ട്ട് ചെയത് അഞ്ച് ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം 29ലെത്തിയത്. സാര്‍സ് കൊവ്- 2 ബി1.1.7 എന്ന ജിനോം സീക്വന്‍സില്‍ പെട്ട കൊവിഡ് വകഭേദം അതീവപ്രസരണശേഷിയുളളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സാധാരണ കൊവിഡിന്റെ 70 ശതമാനം അധികം പ്രസരണശേഷിയാണ് പുതിയ വകഭേദത്തിനുളളത്.
കഴിഞ്ഞ 38 ദിവസത്തിനുള്ളില്‍ ബ്രിട്ടനില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ സഹയാത്രികരെയും കുടുംബക്കാരെയും കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നുണ്ട്.
നവംബര്‍ 25-ഡിസംബര്‍ 23 കാലത്ത് 33,000 യാത്രികരാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവരില്‍ മിക്കവരെയും ആരോഗ്യവകുപ്പിന് കണ്ടെത്താനായെങ്കിലും ചിലര്‍ക്കു വേണ്ടിയുളള അന്വേഷണം തുരുകയാണ്.
ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചെവ്വാഴ്ചയാണ് ആദ്യത്തെ 6 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ആറ് പേരും ബ്രിട്ടനില്‍ നിന്നെത്തിയവരാണ്. ബുധനാഴ്ച 14 കേസുകള്‍ കണ്ടെത്തി. വ്യാഴാഴ്ച 5 കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 25ആയി.
അതിനും പുറമെയാണ് വെള്ളിയാഴ്ച നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതില്‍ നാലും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധിച്ചത്.
നിംഹാന്‍സ് ബംഗളൂരു, സിസിഎംബി ഹൈദരാബാദ്, എന്‍ഐവി പൂനെ, എന്‍സിഡിസി ഡല്‍ഹി, ഐജിഐബി ഡല്‍ഹി, എന്‍ഐബിജി കല്യാണി തുടങ്ങിയ ലാബുകളിലാണ് രാജ്യത്തെ കൊവിഡ് സാംപിള്‍ പരിശോധന നടക്കുന്നത്.
രാജ്യത്തെ 10 ലാബുകളെ ജനിതകമാറ്റം വന്ന കൊവിഡ് പരിശോധിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍ഐബിഎംജി കൊല്‍ക്കത്ത, ഐഎല്‍എസ് ഭുവനേശ്വര്‍, എന്‍ഐവി പൂനെ, സിസിഎസ് പൂനെ, സിസിഎംബി ഹൈദരാബാദ്, സിഡിഎഫ്ഡി ഹൈദരാബാദ്, ഇന്‍സ്‌റ്റെം ബെംഗളൂരു, നിംഹാന്‍സ് ബെംഗളൂരു, ഐജിബി ദില്ലി, എന്‍സിഡിസി ഡല്‍ഹി എന്നിവയാണ് അവ.