മഹാരാഷ്ട്ര നിയമസഭയില്‍ 2 മന്ത്രിമാരടക്കം 50 പേര്‍ക്ക് കൊവിഡ്

Update: 2021-12-29 05:27 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ശീതകാല സമ്മേളനത്തിനിടയില്‍ 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ട് മന്ത്രിമാരുമുണ്ട്. സമ്മേളനം തുടങ്ങി അഞ്ച് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

'ഈ നിയമസഭാ സമ്മേളനകാലത്ത് രണ്ട് മന്ത്രിമാരുള്‍പ്പെടെ 50 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്മേളനം തുടങ്ങി 5 ദിവസമേ ആയിട്ടുള്ളു'' ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്കാദിനും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് രണ്ടാം തവണയാണ് രോഗബാധയുണ്ടാവുന്നത്. ശീതകാല സമ്മേളനത്തില്‍ വര്‍ഷ ഗെയ്ക് വാദ് സജീവമായി പങ്കെടുത്തിരുന്നു.

അവര്‍ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂ. രോഗവിവരം മന്ത്രിതന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.

സാധാരണ മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്പൂരിലാണ് നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അത് മുംബൈയിലേക്ക് മാറ്റിയത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 2,172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്ക് 2.12 ശതമാനമായി.

സംസ്ഥാനത്ത് 167 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Tags:    

Similar News