കൊവിഡ്: വീട്ടിലെ പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update: 2022-02-03 07:52 GMT

കൊവിഡ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂടിയെങ്കിലും രോഗതീവ്രത കുറവായതിനാല്‍ രോഗികളില്‍ കൂടുതല്‍പേരും വീട്ടില്‍ത്തന്നെയാണ് കഴിയുന്നത്. ഗുരുതര ലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഇല്ലെങ്കില്‍ നല്ല ഭക്ഷണവും വിശ്രമവും മരുന്നുമായി സുരക്ഷിതമായി ഹോം ഐസോലേഷന്‍ പൂര്‍ത്തിയാക്കാം. നല്ല ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. 60 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ്് അസുഖങ്ങളുള്ളവര്‍ക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വീട്ടിലെ പരിചരണത്തിനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

പനി, തൊണ്ടവേദന, ചുമ, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനാ ഫലത്തിന് കാത്തുനില്‍ക്കാതെ ക്വാറന്റൈനില്‍ പ്രവേശിക്കണം. വീട്ടില്‍ മറ്റ് ഗുരുതര അസുഖമോ പ്രായമുള്ളവരോ ഉണ്ടെങ്കില്‍ അവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം വായുസഞ്ചാരമുള്ള മുറി തെരഞ്ഞെടുക്കണം. മാസ്‌ക് ധരിക്കണം. രോഗിയെ പരിചരിക്കുന്നയാള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാകണം എന്‍95 മാസ്‌കോ മൂന്ന് പാളി മാസ്‌കോ ധരിക്കണം അല്ലെങ്കില്‍ ക്ലോത്ത് മാസ്‌ക് ഇടുകയാണെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം. ഒരു 3 ലേയര്‍ മാസ്‌കും ഒരു ക്ലോത്ത് മാസ്‌കും ധരിക്കണം.

പനിയോ, ചുമയോ ഉണ്ടെങ്കില്‍ ടെലിമെഡിസിന്‍ വഴിയോ വാര്‍ഡ്തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയോ മരുന്ന് ലഭ്യമാക്കണം. തൊണ്ടവേദനയുള്ളവര്‍ ചൂട് വെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളണം. മൂക്കടപ്പും ചെറിയ കഫകെട്ടും ഉള്ളവര്‍ ആവിപിടിക്കണം. ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങി സ്വയം ചികിത്സ പാടില്ല. നന്നായി വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറിയും ഉള്‍പ്പെടുത്തി സമീകൃതാഹാരം കഴിക്കുക. മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണനിയന്ത്രണം പറഞ്ഞവര്‍ അത് തുടരുക. മാനസിക സമ്മര്‍ദ്ദങ്ങളോ ആശങ്കകളോ ഇല്ലാതെ വിശ്രമിക്കുക. പനി, ഓക്‌സിജന്‍ അളവ്, പ്രമേഹം, ബിപി എന്നിവ പരിശോധിക്കാനുള്ള സംവിധാനം കരുതണം. 100 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ഉള്ള പനി മൂന്ന് ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെടുക. നെഞ്ചില്‍ കനം, കിതപ്പ്, ശ്വാസംമുട്ടല്‍ വലിയ ക്ഷീണം, ഓക്‌സിജന്‍ അളവ് 94 ല്‍ താഴെ കാണുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

ഓക്‌സിജന്‍ അളവ് നോര്‍മ്മല്‍ (94 ല്‍ കൂടുതല്‍) ആണെങ്കിലും ദിവസത്തില്‍ ഒരു തവണ 6 മിനുട്ട് വാക്ക് ടെസ്റ്റ് എടുക്കണം. സാധാരണ നടക്കുന്ന വേഗതയില്‍ റൂമിന്റെ അകത്ത്തന്നെ 6 മിനുട്ട് നടന്നതിന് ശേഷം ഒരിക്കല്‍കൂടി ഓക്‌സിജന്‍ അളവ് പരിശോധിക്കുക. ഇത് നേരത്തെയുള്ള ഓക്‌സിജന്‍ അളവിനെക്കാളും രണ്ട് പോയിന്റ് താഴെയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം.

60 വയസ്സിന് മുകളിലുള്ളവര്‍ക്കും, പ്രമേഹം, ബി.പി തുടങ്ങിയ മററ് അസുഖങ്ങളുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധയും നിരീക്ഷണവും നല്‍കണം. പ്രമേഹം, ബിപി എന്നിവ പരിശോധിക്കണം. നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ തുടരാം

രോഗികള്‍ തൊട്ട പാത്രങ്ങള്‍, മററ് പ്രതലങ്ങള്‍ സോപ്പോ, സാനിറൈറസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഏഴ് ദിവസം കഴിഞ്ഞ് ലക്ഷണങ്ങളില്ലെങ്കില്‍ പുറത്തിറങ്ങാം. മാസ്‌ക് ധരിക്കല്‍ കര്‍ശ്ശനമായി തുടരണം. വീട്ടിലുള്ള മറ്റുള്ളവര്‍ ലക്ഷണമില്ലെങ്കില്‍ നിലവില്‍ കൊവിഡ് പരിശോധന ചെയ്യേണ്ടതില്ല. പ്രായമുള്ളവരും മററ് രോഗമുള്ളവരും പരിശോധിച്ച് ഉറപ്പാക്കണം.

Tags:    

Similar News