ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഹോട്ടലുകളും ബാറുകളും അടയ്ക്കാന്‍ നിര്‍ദേശം. ആവശ്യക്കാര്‍ക്ക് പാര്‍സല്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഇന്ന്് ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാര്‍ പറഞ്ഞു.
ഒരു ദിവസം ഒരു സോണില്‍ ഒരു ആഴ്ചച്ചന്തയെന്ന നിലയില്‍ പ്രവര്‍ത്തനാനുമതി നല്‍കും.
കൊവിഡ് ആരോഗ്യനിര്‍ദേശങ്ങളായ മാസ്‌കും ആള്‍ക്കൂട്ടമൊഴിവാക്കലും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഡിഡിഎംഎ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍, നീതി ആയോഗിലെ ഡോ. വി കെ പോള്‍, ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ, എയിംസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേറിയ എന്നിവരും പങ്കെടുത്തു.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പെട്ടെന്ന് പ്രവേശിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പകരം നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കൊവിഡ് ലോക്ഡൗണ്‍ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 19,166 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17 പേര്‍ മരിച്ചു, 14,076 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 65,806.