കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നു; പഞ്ചാബിലും ബീഹാറിലും രാത്രികാല കര്‍ഫ്യൂ
പട്‌ന: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബിലും ബീഹാറിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കര്‍ഫ്യൂവിനു പുറമെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
പഞ്ചാബിലെ രാത്രി കര്‍ഫ്യൂ രാത്രി 10 മുതല്‍ രാവിലെ 5 മണിവരെയാണ്. ജനുവരി 15 വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും.
ബീഹാറിലും ഇതേ സമയത്തുതന്നെയാണ് കര്‍ഫ്യൂ നിലവിലുണ്ടാവുക. ജനുവരി 21വരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും.
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമാജ് സുധാര്‍ യാത്ര റദ്ദാക്കി. തിങ്കളാഴ്ച ബീഹാര്‍ മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാറിലെ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സിനിമാ തിയ്യറ്ററുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, സ്പാകള്‍, എസി ബസ്സുകള്‍ എന്നിവയില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
'ബാറുകള്‍, സിനിമാ ഹാളുകള്‍, മാളുകള്‍, റെസ്‌റ്റോറന്റുകള്‍, സ്പാകള്‍, എസി ബസുകള്‍ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കണം. നീന്തല്‍ക്കുളങ്ങളും ജിമ്മുകളും അടച്ചിടും. രണ്ട് വാക്‌സിനും എടുത്ത ജീവനക്കാര്‍ക്ക് മാത്രമേ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ഹാജരാകാന്‍ അനുദവിക്കൂ''- അമൃത് സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഖെയ്‌റ പറഞ്ഞു.
ബീഹാറില്‍ 8ാം ക്ലാസ്സ് വരെ അടച്ചിട്ടിരിക്കുകയാണ്. 9-12 ക്ലാസുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും. കോച്ചിങ് ക്ലാസുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താം.