കൊവിഡ്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഐസൊലേഷന്‍ സെന്റര്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍
പാലക്കാട്: കൊവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ ഐസൊലേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്നതിന് കൊഴിഞ്ഞാമ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി.
നിലവില്‍ പുതുശ്ശേരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ഐസോലേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ സൗകര്യപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
കെട്ടിടത്തിന്റെ (ഐസൊലേഷന്‍ സെന്റര്‍) മേല്‍നോട്ടം വഹിക്കുന്നതിന് പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസിനെ നിയോഗിച്ചു. ഐസൊലേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം, മറ്റു അവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും ജില്ലാ ലേബര്‍ ഓഫീസറെയും (എന്‍ഫോഴ്‌സ്‌മെന്റ്) ചുമതലപ്പെടുത്തി.
രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), സ്വീകരിക്കണം. ഐസൊലേഷന്‍ സെന്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.