കൊവിഡ് 19 : കൊല്ലം ജില്ലയില്‍ നിരവധി പുതിയ കണ്ടയിന്‍മെന്റ് സോണുകള്‍
കൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളും, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണായി നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
കൊല്ലം: ജില്ലയില്‍ ഇരവിപുരം, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളും, അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണായി നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അഭ്യര്‍ഥന പ്രകാരമാണ് ജില്ലാ കലക്ടര്‍ ബി അബ്ദുന്നാസര്‍ ഐഎഎസ് നടപടി സ്വീകരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപന സാധ്യത തടയുന്നതിനായി നിലവില്‍ കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ 20,21,22,23 വാര്‍ഡുകളിലും പന്മന ഗ്രാമപ്പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 15,17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണ നടപടികള്‍ കൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വപരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
കൊല്ലം കോര്‍പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ദുരന്തനിവാരണ നിയമ പ്രകാരവും ക്രിമിനല്‍ നടപടി നിയമത്തിലെ 114ാം വകുപ്പ് പ്രകാരവുമാണ് കൊവിഡ് 19 കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്.
പ്രസ്തുതയിടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തറങ്ങി നടക്കാന്‍ പാടില്ലെന്നും മൂന്നിലധികം പേര്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവ് കര്‍ശനമായി പാലിക്കുന്നതിന് കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിമാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.