കൊവിഡ്: കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്ക് പിഴ
ബെംഗളൂരു: സംസ്ഥാനത്ത് ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യവകുപ്പ്. അതിനുംപുറമെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. കൊവിഡ് വ്യാപനഭീതിയെത്തുടര്‍ന്നാണ് നടപടി.
'മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് 19 കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍, പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യോഗ്യരായ എല്ലാവരോടും മുന്‍കരുതല്‍ ഡോസ് എടുക്കാനും ജാഗ്രത പാലിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,'- ആരോഗ്യമന്ത്രി ഡോ. സുധാകര്‍ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 28നു ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ണാടക പിന്‍വലിച്ചിരിക്കുകയായിരുന്നു.
നിലവില്‍, ഡല്‍ഹി, ഹരിയാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്നതായി റിപോര്‍ട്ടുണ്ട്. അഖിലേന്ത്യാ അടിസ്ഥാനത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.