കൊവിഡ്: ചൈനയില്‍ നിന്ന് മടങ്ങി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കണം; സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ നിന്ന് മടങ്ങേണ്ടിവന്ന ശേഷം ഇതുവരേ തിരിച്ച് പോകാന്‍ സാധിക്കാത്ത മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഫോറിന്‍ മെഡിക്കല്‍ ഗ്രജുവേറ്റ്‌സ് ആന്റ് പാരന്റ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിലേക്ക് ജീവന്‍ രക്ഷാ മാര്‍ച്ച് നടത്തി. യൂനിവേഴ്‌സിറ്റികളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചെങ്കിലും വിദേശ വിദ്യാര്‍ഥികള്‍ക്ക് ചൈനീസ് ഗവണ്‍മെന്റ് ഇതുവരേ വിസ അനുവദിച്ച് തുടങ്ങിയിട്ടില്ല. 30000 ത്തില്‍ പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനയില്‍ പഠനം നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് ഇപ്പോള്‍ അധ്യായനം നടക്കുന്നത്. അതോടൊപ്പം എല്ലാ വിദ്യാര്‍ഥികളും ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ഒബ്‌സര്‍വേഷന്‍ നടത്തിക്കൊണ്ട് പ്രാക്ടിക്കല്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
യുദ്ധം മൂലം യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനത്തിന് അവസര മൊരുക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.
ചൈനയിലേക്ക് തിരിച്ച് പോകുന്നത് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി നാട്ടില്‍ തുടര്‍പഠനം നടത്തുന്നതിനായി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.