കാഠ്മണ്ഡു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട നേപ്പാള്‍, ഇന്ത്യ അതിര്‍ത്തി മാസങ്ങള്‍ക്കു ശേഷം നിയന്ത്രണങ്ങളോടെ തുറന്നു. കരമാര്‍ഗം നേപ്പാളില്‍ വരേണ്ട ഇന്ത്യക്കാര്‍ നേരത്തെ അനുമതിക്കായി അപേക്ഷ നല്‍കണമെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടക്കേണ്ടവര്‍ പാലിക്കേണ്ട നിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
''ഇന്ത്യക്കാരും മറ്റു രാജ്യങ്ങളില്‍ നിന്നുവരുന്നവരും അതിര്‍ത്തി കടക്കണമെങ്കില്‍ നേരത്തെ അറിയിച്ച് അനുമതി തേടണം. നേപ്പാളികള്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയാല്‍ മതിയാവും''- ആഭ്യന്തര മന്ത്രാലയം വക്താവ് ചന്ദ്ര ബഹാദൂര്‍ ബുദ്ധ പറഞ്ഞു.
അതേസമയം ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അതിര്‍ത്തിയിലെ 28 ചെക്ക് പോയിന്റ് വഴി യാത്രചെയ്യുന്നവര്‍ മാത്രം അനുസരിച്ചാല്‍ മതി, വിമാനയാത്രക്കാര്‍ക്ക് ബാധകമല്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി അടച്ചത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് നേപ്പാളില്‍ 2,70,588 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. 2020 പേര്‍ മരിക്കുകയും ചെയ്തു.