വടകര: കോവിഡിലും ലോക് ഡൗണിലും വലയുന്ന ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധമായി വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനവുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്. അശരണരും കിടപ്പു രോഗികളുമായവര്‍ക്ക് വീടുകളില്‍ മരുന്നും പരിചരണങ്ങളും നല്‍കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്തിയും വിപുലമായ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കിയും ആവശ്യക്കാര്‍ക്ക് ജനകീയ ഹോട്ടലൊരുക്കി ഭക്ഷണമെത്തിച്ചും ആളുകളുടെ ആശങ്കയകറ്റാന്‍ ടെലി കൗണ്‍സിലിംങ് നല്‍കിയും ഭരണസമിതിയും ജീവനക്കാരും ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ്.
പ്രവാസികള്‍ കുടുതലുള്ള നാദാപുരത്ത് ലോക് ഡൗണ്‍ കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹിതരായവര്‍ക്ക് വാതില്‍പടി സേവനം എന്ന നിലയില്‍ വീടുകളില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു നല്കുന്ന വ്യത്യസ്തമായ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാല്‍ അസി.സെക്രട്ടറി ടി.പ്രേമാനന്ദന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് ബാബു എന്നിവരാണ് നേതൃത്വം നല്കുന്നത്.