21 ദിവസം കൊണ്ട് കൊവിഡ് പിടിച്ചുകെട്ടിയില്ല, പക്ഷേ, ദശലക്ഷങ്ങളുടെ ജീവിതം നശിപ്പിച്ചു: മോദിക്കെതിരേ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡ് പിടിച്ചുകെട്ടുമെന്ന് രാഷ്ട്രത്തോട് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും മരണം 1.5 ലക്ഷവുമായെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു.
' 1 കോടി പേര്‍ക്ക് കൊവിഡ് രോഗബാധ! 1.5 ലക്ഷം മരണങ്ങള്‍. ആസൂത്രണം ചെയ്യാത്ത ലോക്ക്ഡൗണ്‍ കൊണ്ട് പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ '21 ദിവസത്തിനുള്ളില്‍ യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ ഇത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ നശിപ്പിച്ചു- രാഹുല്‍ ട്വീറ്റ് ചെയ്തു.
21 ദിവസം കൊണ്ട് കൊവിഡ് പിടിച്ചുകെട്ടുമെന്നായിരുന്നു മാര്‍ച്ചില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. 'മഹാഭാരത യുദ്ധം 18 ദിവസത്തിനുള്ളില്‍ വിജയിച്ചു, കൊറോണ വൈറസിനെതിരെ രാജ്യം മുഴുവന്‍ പോരാടുന്ന ഈ യുദ്ധം 21 ദിവസമെടുക്കും,' ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് മോദി അവകാശപ്പെട്ടു. മോദിയുടെ മുന്‍കൂട്ടിയറിയിക്കാതെയുള്ള പ്രഖ്യാപനം രാജ്യത്ത് വലിയ ദുരന്തങ്ങള്‍ക്കാണ് വഴിവച്ചത്. നടന്നും പട്ടിണികിടന്നും പലായനം ചെയ്തും നൂറുകണക്കിനു പേരാണ് രാജ്യത്താകമാനം കൊല്ലപ്പെട്ടത്. അതിനും പുറമെ 1.5 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.