കൊവിഡ് അവധി കാലത്തെ നെല്‍കൃഷി വിളവെടുത്ത് നഴ്‌സിങ് വിദ്യാര്‍ഥി

ഒടമല ആര്യപറമ്പിലെ ആനിക്കാടന്‍ സൈദ് ഖദീജ ദമ്പതികളുടെ മകന്‍ മുജീബാണ് കൊവിഡ് അവധിക്കാലം കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ടതാക്കുന്നത്.

Update: 2021-01-23 12:08 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കൊവിഡ് കാലത്തെ നെല്‍കൃഷി വിളവെടുത്ത് ആലിപ്പറമ്പ് ഒടമലയിലെ നഴ്‌സിങ് വിദ്യാര്‍ഥിയായ 20കാരന്‍. ഒടമല ആര്യപറമ്പിലെ ആനിക്കാടന്‍ സൈദ് ഖദീജ ദമ്പതികളുടെ മകന്‍ മുജീബാണ് കൊവിഡ് അവധിക്കാലം കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ടതാക്കുന്നത്. കാലങ്ങളായി പിതാവ് തുടര്‍ന്നു പോരുന്ന നെല്‍കൃഷി ഇത്തവണ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഈ യുവാവ് വയലിലേക്ക് ഇറങ്ങുക ആയിരുന്നു. തുടര്‍ന്ന് 30 സെന്റോളം വരുന്ന സ്ഥലത്താണ് നെല്‍കൃഷി ചെയ്തത്. പിതാവിന്റെ നിര്‍ദേശങ്ങള്‍ക്ക് ഒപ്പം തുടക്കം മുതല്‍ നിലം ഉഴുതു മറിക്കല്‍, ഞാറ് നടല്‍ എന്നിവയും നൂറ് ദിവസത്തേ കാത്തിരിപ്പിനു ശേഷം ഇപ്പോള്‍ വിളവെടുപ്പ്, കച്ച മെതിക്കല്‍ എന്നിവ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. എല്ലാം പഴയ തനിമ നിലനിര്‍ത്തി കൊണ്ടായിരുന്നു.

കൂട്ടുകാര്‍ അവധിക്കാലം ആഘോഷമാക്കുമ്പോള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ കാര്‍ഷിക രംഗത്തേക്ക് കാല്‍വെപ്പ് നടത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് കോയമ്പത്തൂരില്‍ നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയായ ഈ യുവ കര്‍ഷകന്‍.

പരീക്ഷണ അടിസ്ഥാനത്തില്‍ മൂന്ന് മാസങ്ങള്‍ക്കു മുകളിലായി തുടങ്ങിയ തന്റെ നെല്‍കൃഷിയില്‍ മികച്ച വിളവെടുപ്പ് എടുക്കാന്‍ സാധിച്ചെന്നും തുടര്‍ന്നും പഠിപ്പും കൃഷിയും ഒരു പോലെ കൊണ്ടു പോകാനാണ് തീരുമാനമെന്നും പിന്തുണയുമായി വീട്ടുകാരും കൂട്ടുകാരും ഉണ്ടെന്നും മുജീബ് പറഞ്ഞു. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച ഞാറ് ഉപയോഗിച്ചാണ് കൃഷി ചെയ്തത്.സഹപാഠികളും നാട്ടുക്കാരും കുടുംബക്കാരും വിളവെടുപ്പ് ആഘോഷമാക്കാന്‍ എത്തിയിരുന്നു.

Tags:    

Similar News