കൊവിഡ്; പിഴത്തുക വരുമാന സ്രോതസ്സാക്കി സര്‍ക്കാര്‍; കേസുകള്‍ കൂട്ടാന്‍ പോലിസിന് സമ്മര്‍ദം
എല്ലാ ദിവസവും രാവിലെയുള്ള അവലോകനത്തില്‍ ഓരോ സ്‌റ്റേഷനില്‍ നിന്നും കൊവിഡിന്റെ പേരില്‍ ചുമത്തിയ കേസുകളുടെ എണ്ണം മേലധികാരികള്‍ ആവശ്യപ്പെടാറുണ്ട്
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന പിഴ സംഖ്യ സര്‍ക്കാറിന്റെ പ്രധാന വരുമാനസ്രോതസ്സ്. കൂടുതല്‍ പിഴത്തുക ഖജനാവിലേക്ക് എത്തിക്കുന്നതിന് പോലിസിന് മേല്‍ കനത്ത സമ്മര്‍ദ്ദമാണ് ആഭ്യന്തരവകുപ്പ് ചുമത്തുന്നത്. കൊവിഡ് നിയമ ലംഘത്തിന്റെ പേരില്‍ പൊതുജനങ്ങളെ പിഴിഞ്ഞ് കഴിഞ്ഞ മാസം മാത്രം 15 കോടിയിലധികം രൂപയാണ് പോലിസ് സര്‍ക്കാറിന്റെ കൈകളിലേക്ക് എത്തിച്ചത്.
കൊവിഡിന്റെ പേരിലുള്ള പെറ്റിക്കേസുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസിന് മേല്‍ കനത്ത സമ്മര്‍ദമാണുള്ളത്. എല്ലാ ദിവസവും രാവിലെയുള്ള അവലോകനത്തില്‍ ഓരോ സ്‌റ്റേഷനില്‍ നിന്നും കൊവിഡിന്റെ പേരില്‍ ചുമത്തിയ കേസുകളുടെ എണ്ണം മേലധികാരികള്‍ ആവശ്യപ്പെടാറുണ്ട്. ഇതില്‍ കേസുകള്‍ കുറഞ്ഞാല്‍ അത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ വീഴ്ചയായി കണക്കാക്കും. മുന്‍കാലത്തെ കേസുകള്‍ കണക്കാക്കി നിശ്ചയിച്ച ക്വാട്ട തികച്ചിട്ടില്ലെങ്കിലും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പഴി കേള്‍ക്കേണ്ടി വരും. കേസുകള്‍ കുറയരുതെന്നാണ് പോലിസ് സ്‌റ്റേഷനുകളിലേക്ക് മുകളില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം.
പെറ്റിക്കേസുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാറിലേക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള സമ്മര്‍ദ്ദം ഏറിയതോടെയാണ് പോലിസ് കാണുന്നവരെയെല്ലാം പിടിച്ച് കേസെടുത്ത് പിഴ ഈടാക്കാന്‍ തുടങ്ങിയത്. ചായക്കടക്കു മുന്നില്‍ നാലു പേര്‍ നിന്നതിന്റെ പേരില്‍ കടക്കാരന് പിഴയിട്ടതും ബാങ്കിനു മുന്നില്‍ വരി നിന്ന തൊഴിലുറപ്പ് തൊഴിലാളിയില്‍ നിന്നും 500 രൂപ പിഴ ഈടാക്കിയതുമെല്ലാം ഇത്തരം സമ്മര്‍ദം കാരണമാണ് എന്നാണ് പോലിസ് പറയുന്നത്.
കൊവിഡ് നിയന്ത്രണ ലംഘനം വഴി സര്‍ക്കാറിലേക്ക് കോടികള്‍ കിട്ടിത്തുടങ്ങിയതോടെയാണ് ജനങ്ങളെ കൂടുതലായി പിഴിയാന്‍ തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴ നവംബറിന് ശേഷം ഉയര്‍ത്തിയിരുന്നു. മാസ്‌ക് ഉപയോഗിക്കാത്തത് ഉള്‍പ്പെടെ ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ 200ല്‍നിന്ന് 500 രൂപയായി ഉയര്‍ത്തി. പൊതുയോഗങ്ങള്‍, വിവാഹങ്ങള്‍, എന്നിവയുടെ പേരിലുള്ള കൂടിച്ചേരലുകള്‍ക്ക് 500ന് പകരം 5000 രൂപ പിഴയാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കിയിരുന്നത് 3000 ആയി ഉയര്‍ത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ കേസെടുക്കാന്‍ പോലിസിന് സര്‍വ്വ സ്വാതന്ത്ര്യവും കൊടുത്തത് തന്നെ പിഴത്തുകയില്‍ കണ്ണുവെച്ചാണ് എന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ജൂണില്‍ 1,38,220 കേസുകളാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പോലിസ് ചുമത്തി പിഴ ഈടാക്കിയത്. ജൂലൈയില്‍ ഇത് 2,20,227 കേസുകളായി ഉയര്‍ന്നു. ഓരോ മാസവും കേസുകള്‍ ഇരട്ടിയായി ഉയരാന്‍ കാരണം സര്‍ക്കാറിന്റെ സമ്മര്‍ദ്ദം കാരണമാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.