കൊവിഡ് പ്രതിരോധം സുതാര്യമായാണ് നടക്കുന്നത്; വ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്നും മന്ത്രി
സെപ്തംബര്‍ 30ന് മുന്‍പ് 18ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടാവുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കവേണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. സ്വയം പ്രതിരോധമാണ് പ്രധാനം. സംസ്ഥാനത്ത് കൊവിഡ് വിവരങ്ങള്‍ വളരെ സുതാര്യമാണ് കൈമാറുന്നത്. മരണനിരക്കില്‍ ഏറ്റവും കുറവ് കേരളത്തിലാണ്. രോഗം ബാധിതരെ കണ്ടെത്തുന്നതിലും കേരളം ഒന്നാമതാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ ഉരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിച്ചോ എന്നത് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുകയാണ്.
കേരളത്തില്‍ സത്യസന്ധവും സുതാര്യവുമാണ് കൊവിഡ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക് കൊവിഡ് പ്രതിരോധം മികച്ചതെന്നതിന് തെളിവാണ്. രോഗബാധിതരില്‍ ദേശീയ തലത്തില്‍ 33 കേസുകളില്‍ ഒന്ന് റിപോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് ആറില്‍ ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ടെസ്റ്റുകളുടെ എണ്ണം ഉയര്‍ന്നതാണ്.
രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലുണ്ട്. എന്നാല്‍ ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവില്‍ ഐസിയു സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ 2131 പേരും വെന്റിലേറ്ററില്‍ 757 പേരുമാണ് ചികില്‍സയിലുള്ളത്. 43 ശതമാനം ഐസിയു കിടക്കകള്‍ ഒഴിവാണ്. വാക്‌സിന്‍ എടുത്തവരിര്‍ രോഗബാധ ഉണ്ടെങ്കിലും അവരെ ഗുരുതരമായി ബാധിക്കുന്നില്ല.
വീടുകളിലെ രോഗ പകര്‍ച്ച ഒഴിവാക്കാന്‍ ഹോം ഐസോലേഷന്‍ കര്‍ശനമായി പാലിക്കപ്പെടണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് 1,70,000 ല്‍ അധികം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും സുതാര്യമായാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നുണ്ട്. സെപ്തംബര്‍ 30ന് മുന്‍പ് 18 ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കേരളത്തില്‍ നിലവില്‍ മുപ്പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മെയ് 12 നാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളും ടിപിആറും രേഖരപ്പെടുത്തിയത്. അന്ന് 43529 രോഗികള്‍ ഉണ്ടായപ്പോള്‍ ടിപിആര്‍ 29.7 ശതമാനം ആയിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.