കൊവിഡ് വ്യാപനത്തില്‍ ഒന്നാമത്; ഇരുപതിനായിരം പേരുടെ ജീവനെടുത്തതാണ് ഭരണനേട്ടമെന്നും കെ സുധാകരന്‍
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം തുടര്‍ച്ചയായി മുകളിലോട്ട് ഉയരുകയാണ്.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ കൊവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം തുടര്‍ച്ചയായി മുകളിലോട്ട് ഉയരുകയാണ്. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരില്‍ 1.82 ലക്ഷം രോഗികളും കേരളത്തില്‍ നിന്നാണ്. റ്റിപിആര്‍ 19 ശതമാനത്തിന് മുകളിലാണ്. കൊവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കൊവിഡ് സംബന്ധമായ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനും എത്രയോ മുകളിലാണ്. കൊവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം 20,000 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാര്‍ത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്ര പേരെക്കൂടി കേരള സര്‍ക്കാര്‍ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.
ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സര്‍ക്കാര്‍ കത്തിവെച്ചത്. കൊവിഡ് പരിശോധനയിലും കേരളസര്‍ക്കാര്‍ പരാജയമാണ്. ആന്റിജന്‍ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വാക്‌സിന്‍ വിതരണത്തിലും അലംഭാവം തുടരുകയാണ്. രണ്ടുകോടി പേര്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 70 ലക്ഷം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിന്‍ പലയിടത്തും ലഭ്യമല്ല. വാക്‌സിന്‍ ചലഞ്ച് ഫണ്ടിലൂടെ 800 കോടി സംഭാവന കിട്ടിയെങ്കിലും ഇതുവരെ ചെലവാക്കിയത് 50 കോടിയില്‍ താഴെ മാത്രമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള തുഗ്ലക് പരിഷ്‌ക്കാരങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി കാരണം 35 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കൊവിഡ് ദുരിതം കാരണം തൊഴിലും വരുമാനവുമില്ലാതെ കടക്കെണിയില്‍പ്പെട്ട് ജീവിതം പോലും വെല്ലുവിളിയായി മാറിയ ഒരു ജനതയെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിക്കേസ്സുകള്‍ ചുമത്തുക വഴി കേരളം സ്വരൂപിച്ച കോടികളുടെ കണക്ക് പുറത്തുവിടാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോ. ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടര്‍മാരുടെ സംഘടനകളുമായും സഹകരിച്ച് കൊവിഡ് പ്രതിരോധത്തിന് ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.