കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ രണ്ടാമതൊരു ഓഫിസ് കൂടി തുടങ്ങി മമതാ ബാനര്‍ജി
കൊല്‍ക്കൊത്ത: ബംഗാളില്‍ കൊവിഡ് വ്യാപനം നിയണം വിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രണ്ടാമതൊരു ഓഫിസ് കൂടി തുറന്നു. നിലവില്‍ 14 നിലയുള്ള നബാന്നയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അടങ്ങുന്ന സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനടുത്ത കെട്ടിടമാണ് രണ്ടാമത്തെ ഓഫിസായി തിരഞ്ഞെടുത്തത്. ഉപാനയെന്നാണ് പുതിയ ഓഫിസിന്റെ പേര്.
മുഖ്യമന്ത്രിയുടെ ഓഫിസിനു പുറമെ ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും ഓഫിസും ഇവിടെത്തന്നെയാണ് സജ്ജീകരിക്കുന്നത്. ജൂലൈ 22നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഈ മാസം മുതല്‍ തന്നെ ഈ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
നിലവില്‍ നബാന്നയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പലരും സമ്പര്‍ക്ക വിലക്കില്‍ കഴിയുകയുമാണ്. മുഴുവന്‍ കെട്ടിടവും അണുവിമുക്തമാക്കാന്‍ അടച്ചിടേണ്ട സമയമായി- മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആഗസ്റ്റ് 13-14 തിയ്യതികളില്‍ നബാന്ന അടച്ചിട്ട് അണുവിമുക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ ആഗസ്റ്റ് 3, 4 തിയ്യതികളിലും സെക്രട്ടേറിയറ്റ് അടച്ചിട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മധ്യത്തിലാണ് നബാന്നയെ ആദ്യമായി കൊവിഡ് ആക്രമിച്ചത്. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു അത്. അതേ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പല ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീനില്‍ പേകേണ്ടി വന്നു.
ലിഫ്റ്റുകള്‍ കൊവിഡ് ബാധയുടെ ഒരു പ്രസരണ കേന്ദ്രമായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നബാന്നയിലെ ഒരു ലിഫ്റ്റ് മുഖ്യമന്ത്രിക്ക് മാത്രമായി റിസര്‍വ് ചെയ്തിരുന്നു. മറ്റൊരു ലിഫ്റ്റ് ആഭ്യന്തര സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും മറ്റ് പ്രധാന സെക്രട്ടറിക്കുമായി മാറ്റിവച്ചു. അതിന്റെ ബെയ്‌സ്‌മെന്റില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങളെ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
അണുബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാത്രമേ പ്രവേശിപ്പിക്കുകയുളളു. നബാന്ന സാനിറ്റേഷനു വേണ്ടി അടച്ചിട്ടാലും ഓഫിസിലിരുന്ന് പ്രവര്‍ത്തി തുടരാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കും.
അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞാണ് മമതാ ബാനര്‍ജി പഴയ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്ന് നബാന്നയിലേക്ക് സര്‍ക്കാര്‍ ആസ്ഥാനം മാറ്റുന്നത്.