കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; പഞ്ചാബില്‍ ഏപ്രില്‍ പത്ത് വരെ മ്യൂസിയങ്ങള്‍ അടച്ചിടും
ചണ്ഡീഗഢ്: പഞ്ചാബില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 10 വരെ മ്യൂസിയങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ശ്രീ അനന്തപൂര്‍ സാഹിബിലെ വിരാസാത്- ഇ- ഖല്‍സയും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിടുന്നുണ്ട്. പഞ്ചാബിലെ സിക്ക് പൈതൃക സ്മാരകമാണ് വിരാസാത് -ഇ- ഖല്‍സ. അടച്ചിട്ട ഇടങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടി.
സര്‍ക്കാരിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പൗരന്മാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ശ്രീ അനന്ദപൂര്‍സാഹിബില്‍ ഹൊല മൊഹല്ല ആഘോഷങ്ങള്‍ക്കു വരുന്ന തീര്‍ത്ഥാടകര്‍ ഒരിടത്തായി തടിച്ചുകൂടരുത്. എല്ലാവരും എല്ലാ സമയത്തും മാസ്‌കുകള്‍ ധരിക്കണം. സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, ഇടക്കിടെ കൈകള്‍ കഴുകണം- സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. 81.63 ശതമാനം പുതിയ രോഗികളും ഇതേ സംസ്ഥാനങ്ങളില്‍ നിന്നാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈയിലും സ്ഥിതി ഗുരുതരമാണ്.