കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; കൊവിഡ് ആര്‍ ഫാക്ടര്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവില്‍

Update: 2021-03-22 16:14 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ആര്‍ ഫാക്ടര്‍ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ഇപ്പോള്‍ ആര്‍ ഫാക്ടറുള്ളതെന്ന് കൊവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയുടെ കൊവിഡ് ആര്‍ ഫാക്ടര്‍ 1.32 ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനു ശേഷം ആര്‍ ഫാക്ടര്‍ കുറഞ്ഞുവരികയായിരുന്നു. അതാണ് ഇപ്പോള്‍ വര്‍ധിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം 27,000 ആയിരുന്നു. എന്നാല്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,31,750 ആയി വര്‍ധിച്ചിട്ടുണ്ട്.  

ആര്‍ ഫാക്ടര്‍

ആര്‍ ഫാക്ടര്‍(R factor) എന്നത് മഹാമാരിയുടെ പ്രസരണത്തെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുന്ന ഒരു അളവാണ്. ഇംഗ്ലീഷില്‍ റിപ്രൊഡക്റ്റീവ്, (പ്രത്യല്‍പ്പാദനം) എന്ന വാക്കില്‍ നിന്നാണ് ആര്‍ എന്ന വാക്ക് എടുത്തിരിക്കുന്നത്. ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകരാമെന്ന് ഈ അളവ് പറയുന്നു. ആര്‍ ഫാക്ടര്‍ രണ്ട് ആണെങ്കില്‍ ഒരാളില്‍ നിന്ന് രണ്ട് പേര്‍ക്ക് രോഗം പകരാമെന്നാണ് കണക്ക്. അതിനര്‍ത്ഥം ആ രണ്ട് പേരില്‍ നിന്ന് മറ്റ് രണ്ട് പേര്‍ക്കും രോഗം പകരാമെന്നും. ആര്‍ ഫാക്ടര്‍ 1 ആക്കി നിര്‍ത്താനാണ് എല്ലാ സര്‍ക്കാരുകളും ശ്രമിക്കുന്നത്. ഇന്ത്യയുടെ ആര്‍ ഫാക്ടര്‍ ഇപ്പോള്‍ 1.32 ആണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1.3നും 1.4നും ഇടയിലായിരുന്ന ആര്‍ ഫാക്ടര്‍ പിന്നീട് 1.3, 1.2, 1.1, 1, തുടങ്ങി 2020 ഒക്ടോബര്‍ 25ന് 0.9നും 0.8നും ഇടയിലേക്ക് താഴ്ന്നു. എന്നാല്‍ പിന്നീട് അവിടെ നിന്ന് ആര്‍ ഫാക്ടര്‍ നവംബര്‍ 25ന് 1നും 1.1നും ഇടയിലേക്ക് ഉയര്‍ന്നു. വീ

ണ്ടും ജനുവരിയില്‍ 0.9നു താഴേക്ക് ആര്‍ ഫാക്ടര്‍ താഴ്‌ന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഫെബ്രുവരി മാസത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒമ്പത് മാസം കൊണ്ട് താഴ്ന്നു വന്ന ആര്‍ ഫാക്ടര്‍ നാല് മാസം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് വര്‍ധിച്ചത്. 

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ പ്രതിദിന രോഗബാധ 90,000 ആയിരുന്നത് ഈ വര്‍ഷം ഫെബ്രുവരിയില്‍ 10,000ത്തിലെത്തിയിരുന്നു.

തിങ്കളാഴ്ചയോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 334000 ആയിരിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ 150 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗബാധ ഏറ്റവും ഉര്‍ന്നതലത്തിലെത്തിയിരിക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയില്‍ 2,11,000 സജീവ രോഗികളാണ് ഉള്ളത്. അതില്‍ 30,000വും 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചവരാണ്. മുംബൈയില്‍ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ നിലയിലാണ്. രണ്ട് ദിവസമായി മുംബൈയിലെ പ്രതിദിന രോഗബാധ 3,000 ആയിട്ടുണ്ട്.

Tags:    

Similar News