ചുംബിച്ചപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; മാപ്പപേക്ഷയുമായി ബ്രിട്ടീഷ് ആരോഗ്യ മന്ത്രി
ലണ്ടന്‍: ഉപദേശകയെ ഓഫിസില്‍ വച്ച് ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ മാപ്പപേക്ഷയുമായി ബ്രിട്ടീഷ് ആരോഗ്യവകുപ്പ് മന്ത്രി മാറ്റ് ഹാന്‍കോക്ക്. സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഹാന്‍കോക്ക് പരസ്യമായി മാപ്പു പറഞ്ഞു. ഈ കൊവിഡ് സാഹചര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ താന്‍ ലംഘിച്ചുവെന്നും ജനങ്ങളെ വിലകുറച്ചു കണ്ടുവെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.
ഉപദേശക ഗിന കൊലഡാന്‍ജെലോയെ മാറ്റ് ഹാന്‍കോക്ക് ചുംബിക്കുന്ന ചിത്രം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മന്ത്രിയും ഗിനയും തമ്മില്‍ വിവാഹേതര ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു. ചിത്രം പുറത്തുവന്നതോടെ രാഷ്ട്രീയ എതിരാളികള്‍ മാറ്റ് ഹാന്‍കോക്കിനെതിരേ രംഗത്തിറങ്ങി. കൊവിഡിന്റെ തുടക്ക കാലത്ത് കാര്യങ്ങള്‍ ഹാന്‍കോക്ക് വഴിവിട്ട് പലതും ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് ഒപ്പിട്ട പലകരാറുകളുടേയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. മന്ത്രി തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് വന്‍തുകയുടെ കരാറുകളും ജോലിയും നല്‍കി. ചുംബന വിവാദത്തില്‍ ഉള്‍പ്പെട്ട ഉപദേശകയേയും മന്ത്രി ഹാന്‍കോക്ക് കഴിഞ്ഞ വര്‍ഷമാണ് നിയമിച്ചത്.
എല്ലാവര്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പൊതുപണം ഉള്‍പ്പെടുന്നതിനാല്‍ ഭരണാധികാരികളെ സംബന്ധിച്ച് ഇവയെല്ലാം പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.