കണ്ണൂരില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗബാധ; രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആലോചിക്കും
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്.
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലായി കൊവിഡ് രോഗബാധയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടിവരും. മാര്‍ക്കറ്റുകള്‍ ചിലത് രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കി ഇടപെടണം. അതിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കും.
കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഇവരില്‍ ആശുപത്രിയില്‍ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും (ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ട്. എല്ലാവരും കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനയും നടക്കുന്നതും ലഭ്യമാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിന്റെ പ്രവര്‍ത്തനമികവുമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗം കണ്ടെത്താനും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും സാധിച്ചത്. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചാല്‍ നമുക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ പോരാതെവരും.