കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; അവലോകന യോഗം ഇന്ന്

രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

Update: 2022-02-04 05:40 GMT

തിരുവനന്തപുരം:സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊവിഡ് അവലോകനയോഗം ഇന്ന് ചേരും.കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിലയിരുത്തല്‍. ഏറെ നാളുകള്‍ക്ക് ശേഷം ടിപിആര്‍ 38ന് താഴെയെത്തി. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇന്നലെ രോഗമുക്തി നേടി.

നിയന്ത്രണങ്ങള്‍ എത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതാകും പ്രധാനമായും അവലോകനയോഗത്തില്‍ ചര്‍ച്ചയാകുക. കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം വേണമോയെന്ന കാര്യം പരിശോധിക്കും.തിരുവനന്തപുരം ഉള്‍പ്പടെ സി കാറ്റഗറിയിലുള്ള മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ ജില്ലകളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി എന്നാണ് സര്‍ക്കാരിന്റെ നിഗമനം, അതിനാല്‍ ഈ രീതി തുടരാനാണ് സാധ്യത. സി ക്യാറ്റഗറി ജില്ലകളിലെ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യവും ചര്‍ച്ചയാകും. ഞായറാഴ്ച ലോക്ക്ഡൗണ്‍ ഈ ആഴ്ച കൂടി തുടരും. അടുത്ത അവലോകനയോഗത്തിലാകും ഇതിലെ മാറ്റം സംബന്ധിച്ച കാര്യം തീരുമാനിക്കുക.

Tags:    

Similar News