കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Update: 2021-11-24 06:58 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെയും പുതിയ രോഗികളുടെയും എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കഴിഞ്ഞ ഏതാനും ദിവസമായി കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കിയത്.

''പുതിയ കൊവിഡ് രോഗബാധിതരുടെ ശരാശരി എണ്ണം കുറഞ്ഞുവരികയാണ്. നവംബര്‍ 22 വരെയുള്ള കണക്കുകളില്‍ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും കാണുന്നുണ്ട്''- കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.

നാഗാലാന്‍ഡ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടുമാണ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

പരിശോധനകളുടെ എണ്ണം കൂട്ടാതെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അറിയാനാവില്ല. പല രാജ്യങ്ങളിലും പല ഘട്ടങ്ങളായി കൊവിഡ് വ്യാപനം കാണുന്നുണ്ട്. പല വികസിത രാജ്യങ്ങളിലും ഇതേ പ്രവണത കണ്ടു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News