കൊവിഡ്: ആറ് ആശുപത്രികള്‍ കയ്യൊഴിഞ്ഞു; അയോധ്യയില്‍ നിന്നുള്ള അത്യാസന്നനിലയിലുള്ള ദമ്പതികള്‍ ഓക്‌സിജനുവേണ്ടി യാത്ര ചെയ്യേണ്ടിവന്നത് 850 കിലോമീറ്റര്‍ അകലെ ബംഗാളിലേക്ക്

Update: 2021-04-27 11:12 GMT

കൊല്‍ക്കത്ത: ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പറയുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഭീഷണി മുഴക്കി ക്ഷാമത്തെ 'ഇല്ലാതാക്കിയ' യോഗി ആദിത്യനാഥിന്റെ യുപിയില്‍ നിന്ന് ഓക്‌സിജനില്ലാത്തതിനാല്‍ ചികില്‍സയ്ക്കുവേണ്ടി ദമ്പതികള്‍ക്ക് യാത്ര ചെയ്യേണ്ടിവന്നത് 850 കിലോമീറ്റര്‍ അകലെയുള്ള ബംഗാളിലെ ചിന്‍സുറയിലേക്ക്. അയോധ്യയിലെ മധ്യവയസ്‌കരായ ലാല്‍ജി യാദവിനും(50) ഭാര്യ രേഖ(48)യ്ക്കുമാണ് ഈ ദുര്‍വിധിയുണ്ടായത്.

ഏതാനും നാളുകളായി ഇരുവര്‍ക്കും കടുത്ത പനിയും ശ്വാസതടസ്സവുമാണ്. കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ശ്വാസതടസ്സം കടുത്തതോടെ ഇരുവരും ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ, ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രണ്ട് പേരെയും ആശുപത്രി അധികൃതര്‍ പ്രവേശിപ്പിച്ചില്ല. തൊട്ടടുത്ത ആറ് ആശുപത്രികളിലേക്ക് പോയി നോക്കിയെങ്കിലും അവരും കൈമലര്‍ത്തി.

തുടര്‍ന്ന് ബംഗാളിലെ ഹൂഗ്ലിയില്‍ മോഗ്രയില്‍ താമസിക്കുന്ന രേഖയുടെ സഹോദരനെ വിളിച്ചു. ഇരുവര്‍ക്കും വേണ്ടി സഹോദരന്‍ രണ്ട് ആശുപത്രിക്കിടക്കകള്‍ റിസര്‍വ് ചെയ്തു.

ചിന്‍സുരയിലെ അജന്ത സേവ സദന്‍ ആശുപത്രിയില്‍ അവര്‍ എത്തുമ്പോള്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു. എത്തിയ സമയത്ത് രോഗികള്‍ ശ്വാസമില്ലാതെ മരണാസന്നരായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

തിങ്കളാഴ്ചയായതോടെ രേഖയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ലാല്‍ജി അപകടനില തരണം ചെയ്തിട്ടില്ല.

ഒരു ഘട്ട വോട്ടിങ്ങ് അവസാനിക്കുന്ന ബംഗാളിനും ലാല്‍ജിയുടെയും രേഖയുടെയും അനുഭവം ഒരു മുന്നറിയിപ്പാണെന്ന് രേഖയുടെ സഹോദരന്‍ രവി ശങ്കര്‍ യാദവ് പറഞ്ഞു. ഏപ്രില്‍ 29നാണ് ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണും.

ബംഗാളില്‍ ഞങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ തന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് രേഖയുടെ സഹോദരന്‍ പറഞ്ഞു. ബംഗാള്‍ ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ യുപിയേക്കാള്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് ആദിത്യനാഥ് വാദിച്ചുകൊണ്ടിരിക്കുന്നത്. ക്ഷാമത്തെക്കുറിച്ച് പറയുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും യോഗി ഭീഷണിപ്പെടുത്തുന്നു.

രവി ശങ്കര്‍ ബംഗാളില്‍ വസ്ത്രവ്യാപാരിയാണ്. രേഖയും രവിശങ്കറും ബംഗാളിലാണ് വളര്‍ന്നത്. പിതാവ് യുപിയിലായിരുന്നെങ്കിലും പിന്നീട് ബംഗാളിലേക്ക് കുടിയേറി. 28 വര്‍ഷം മുമ്പ് ലാല്‍ജിയുമായി വിവാഹം കഴിച്ചതോടെ രേഖ അയോധ്യയിലെത്തി.

ലാല്‍ജിക്കും രേഖയ്ക്കും പത്ത് ദിവസമായി പനിയും ചുമയുമുണ്ടായിരുന്നു. കുറേ നാളായി കനത്ത ശ്വാസതടസ്സവുമുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

വ്യാഴാഴ്ചയാണ് ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ തങ്ങളെ പ്രവേശിപ്പിക്കുന്നില്ലെന്ന് വിളിച്ചുപറഞ്ഞത്. ഉടനെ സഹോദരന്‍ അജന്ത സേവ സദന്‍ ആശുപത്രിയിലെത്തി ഓക്‌സിജന്‍ ബെഡ് റിസര്‍വ് ചെയ്തു.

''സഹോദരിയും അളിയനും ചുരുങ്ങിയത് ആറ് ആശുപത്രികളാണ് കയറിയിറങ്ങിയത്. പക്ഷേ, ആരും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഓക്‌സിജന്‍ ഇല്ലാത്തതായിരുന്നു കാരണം. എന്നാല്‍ ബംഗാളില്‍ മിനിട്ടുകള്‍ക്കുള്ളില്‍ രണ്ട് കിടക്കകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല''- രവി ശങ്കര്‍ പറഞ്ഞു.

അവര്‍ ഒരു ആംബുലന്‍സിലാണ് ബംഗാളിലെത്തിയത്. ആംബുലന്‍സ് വാടക മാത്രം 60,000 രൂപ വന്നു. ചിന്‍സുരയിലെ ആശുപത്രിയിലേക്ക് ആകെ 24 മണിക്കൂര്‍ സമയം വേണ്ടിവന്നു.

ആംബുലന്‍സിലെ ഓക്‌സിജന്‍ കുറഞ്ഞതോടെ ഭര്‍ത്താവിന്റെ സ്ഥിതി മോശമായതായി രേഖയും പറയുന്നു.

''ബംഗാള്‍ യുപി അടക്കം മറ്റേതൊരു സംസ്ഥാനത്തേക്കാള്‍ പത്തിരട്ടി ഭേദമാണ്. മതിയായ ചികില്‍സക്ക് എന്റെ ബന്ധുക്കള്‍ക്ക് 850 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടിവന്നു. ഇത്രയും മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടാക്കിയ ബംഗാളിന് നന്ദി പറയുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പരിശോധനയുടെ കാര്യത്തിലും യുപിയുടെ അവസ്ഥ സംശയാസ്പദമാണെന്ന് അദ്ദേഹം പറയുന്നു. കടുത്ത കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ നെഗറ്റീവായത് അദ്ദേഹം ചൂണ്ടിക്കാട്ടി.

കയറിയിറങ്ങിയ എല്ലാ ആശുപത്രികളും ചികില്‍സ നിഷേധിച്ചു. ബംഗാളിലേക്ക് വരികയല്ലാതെ മറ്റൊരു സാധ്യത മുന്നിലുണ്ടായിരുന്നില്ല. ബംഗാളിലെത്തിയതിനാലാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് രേഖയും പറയുന്നു.

രോഗികള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് വരുന്നതെന്ന് തങ്ങളറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയിലെത്തിയ ശേഷമാണ് പൂര്‍ണ വിവരങ്ങള്‍ മനസ്സിലാക്കുന്നതെന്ന് ആശുപത്രി ഉടമ സഞ്ജയ് സിന്‍ഹ പറഞ്ഞു. ഓക്‌സിന്‍ ഇല്ലാത്തതിനാല്‍ ദമ്പതികള്‍ 24 മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

റെംഡെസിവിര്‍ മാത്രമാണ് ഇനി ആവശ്യമുള്ളതെന്നും ക്ഷാമമുള്ളതിനാല്‍ അത് ലഭിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും രവി ശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News