ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; ആശങ്കയോടെ ശബരിമല
ശബരിമലയിലെ ഡ്യൂട്ടി മജിസ്‌ട്രേട്ടിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന അവലോകന യോഗങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തലാണ് നടന്നിരുന്നത്.
പത്തനംതിട്ട: ശബരിമലയിലെ ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരും ഉള്‍പ്പടെ 14 പേര്‍ക്കാണ് സന്നിധാനത്തും പമ്പയിലും ആയി കൊവിഡ് 19 സ്ഥിരീകരിച്ചത്.
കീഴ്ശാന്തി ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജീവനക്കാരനും കൊവിഡ് കാണപ്പെട്ടു. ശ്രീകോവിലിന് തൊട്ടുമുന്നിലെ തിടപ്പള്ളിയില്‍ ജോലിചെയ്തിരുന്ന ദേവസ്വം ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ ജോലിയില്‍ ഉണ്ടായിരുന്ന 6 ജീവനക്കാരെയും നിരീക്ഷണത്തില്‍ ആക്കി.
ശബരിമലയിലെ ഡ്യൂട്ടി മജിസ്‌ട്രേട്ടിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന അവലോകന യോഗങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തലാണ് നടന്നിരുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ കൂടിയായ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
സന്നിധാനം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എസ്‌ഐക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പമ്പയില്‍ ദേവസ്വം വിജിലന്‍സ് ജോലിചെയ്തിരുന്ന രണ്ട് പൊലീസുകാര്‍ക്കും സന്നിധാനത്ത് ഭണ്ഡാരത്തില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസുകാരനും, പോലീസ് മെസ്സില്‍ ജോലിചെയ്തിരുന്ന ക്യാമ്പ് ഫോളോവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ദേവസ്വംബോര്‍ഡിലെ രണ്ട് മരാമത്ത് ഓവര്‍സിയര്‍മാര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ 14 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്.
രോഗവ്യാപനം ഉയര്‍ന്നതോടെ 15 ദിവസം ഇടവിട്ട് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നേരത്തെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പല ജീവനക്കാരും പരിശോധന നടത്തിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഭക്തരുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.