ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; രണ്ട് ദിവസത്തിനുള്ളില്‍ 86 ശതമാനത്തിന്റെ വര്‍ധന
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 86 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. മെയ് 30നു ശേഷം ഉണ്ടാകുന്ന ഏറ്റവും കൂടിയ രോഗബാധയുമാണ്. 24 മണിക്കൂറിനുള്ളില്‍ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം പടിപടിയായി ഉയരുന്നതായാണ് കണക്കുകള്‍ പറയുന്നത്. പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയര്‍ന്നു.
കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് ദിവസം തുടര്‍ച്ചായി പരിശോധിക്കുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി തുടരുകയാണെങ്കില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കണമെന്നാണ് ധാരണ. യെല്ലോ അലര്‍ട്ട് ഉള്ള പ്രദേശങ്ങളില്‍ സ്‌കൂളുകള്‍, സ്പാകള്‍, ജിം തുടങ്ങിയവ അടച്ചിടണം. മാളുകള്‍, ഷോപ്പുകള്‍ എന്നിവ ഒറ്റ ഇരട്ട സംവിധാനത്തില്‍ പ്രവര്‍ത്തിക്കും. ശേഷിയുടെ പകുതി ആളുകളെ കയറ്റിയാണ് മെട്രോ ഓടുന്നത്.
സംസ്ഥാനത്ത് രാത്രി 10 മുതല്‍ രാവിലെ 5 മണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 496 പേര്‍ക്കായിരുന്നു കൊവിഡ്. 24 മണിക്കൂറിനുള്ളില്‍ 73 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ആകെ ഒമിക്രോണ്‍ കേസുകള്‍ 238 ആയി.